Football in Malayalam

2020ലെ ബാലൺ ഡി ഓർ ലെവൻഡോസ്‌കിക്ക് സമ്മാനിക്കണമെന്നാവശ്യപ്പെട്ട് ലയണൽ മെസി

Sreejith N
Ballon D'Or : Ceremony At Theatre Du Chatelet In Paris
Ballon D'Or : Ceremony At Theatre Du Chatelet In Paris / Aurelien Meunier/GettyImages
facebooktwitterreddit

കോവിഡ് മഹാമാരി മൂലം ഒഴിവാക്കപ്പെട്ട 2020ലെ ബാലൺ ഡി ഓർ പുരസ്‌കാരം ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിക്ക് സമ്മാനിക്കാൻ ഫ്രാൻസ് ഫുട്ബോളിനോടാവശ്യപ്പെട്ട് ലയണൽ മെസി. ഇന്നലെ നടന്ന ചടങ്ങിൽ 2021 വർഷത്തിലെയും തന്റെ കരിയറിൽ ഏഴാമത്തെയും ബാലൺ ഡി ഓർ നേടിയതിനു ശേഷം സംസാരിക്കുമ്പോഴാണ് മെസി ഇക്കാര്യം ആവശ്യപ്പെട്ടത്.

2019/20 സീസണിൽ അൻപത്തിയഞ്ചു ഗോളുകൾ നേടിയ ലെവൻഡോസ്‌കി ചാമ്പ്യൻസ് ലീഗുൾപ്പെടെ നിരവധി കിരീടങ്ങളും സ്വന്തമാക്കിയിരുന്നു. ആ വർഷത്തെ ബാലൺ ഡി ഓർ താരത്തിനു തന്നെയെന്ന് ഏവരും ഉറപ്പിച്ചിരിക്കുന്ന സമയത്താണ് കോവിഡ് മഹാമാരിയെത്തുടർന്ന് പുരസ്‌കാരം ഒഴിവാക്കപ്പെടുന്നത്. 2020/21 സീസണിൽ 48 ഗോളുകൾ ലെവൻഡോസ്‌കി കുറിച്ചെങ്കിലും മെസിയുടെ നേട്ടങ്ങൾക്കു മുന്നിൽ അത് അപ്രസക്തമായതിനെ തുടർന്ന് താരം ബാലൺ ഡി ഓറിൽ രണ്ടാം സ്ഥാനത്താണ് എത്തിയത്.

"റോബർട്ട് ലെവൻഡോസ്‌കിയോടൊപ്പം മത്സരിക്കാൻ കഴിഞ്ഞത് ഒരു അഭിമാനമാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ നിങ്ങളുടെ ബാലൺ ഡി ഓർ അർഹിക്കുന്നു. കഴിഞ്ഞ വർഷം എല്ലാവരും നിങ്ങളാണ് വിജയിയെന്ന് അംഗീകരിച്ചിരുന്നു. ഫ്രാൻസ് ഫുട്ബോൾ നിങ്ങൾക്ക് അർഹതയുള്ള ബാലൺ ഡി ഓർ നൽകണം എന്നാണു ഞാൻ കരുതുന്നത്. ഫ്രാൻസ് ഫുട്ബോളത് നൽകുമെന്നും നിങ്ങൾക്കത് വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്നും അവിടെ സൂക്ഷിക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു." മെസി പുരസ്‌കാരം നേടിയതിനു ശേഷം പറഞ്ഞു.

കഴിഞ്ഞ സീസണിൽ ലാ ലിഗ ടോപ് സ്കോററാവുകയും കോപ്പ ഡെൽ റേ കിരീടമുയർത്തുകയും ചെയ്‌ത മെസി അതിനു ശേഷം നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ടോപ് സ്‌കോറർ, ടോപ് അസിസ്റ്റ് മേക്കർ, ബെസ്റ്റ് പ്ലേയർ എന്നീ നേട്ടങ്ങൾ സ്വന്തമാക്കി കിരീടം ഉയർത്തുകയും ചെയ്‌തതാണ്‌ ബാലൺ ഡി ഓർ നേടാൻ സഹായിച്ചത്.

"ഇവിടെ വീണ്ടുമെത്താൻ കഴിഞ്ഞത് അസാധാരണമായ അനുഭവം തന്നെയാണ്. രണ്ടു വർഷങ്ങൾക്കു മുൻപ് ഞാൻ പറഞ്ഞു ഇതെന്റെ അവസാനത്തെ വർഷങ്ങളാണെന്ന്, എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ വീണ്ടും ഇവിടെയെത്തി. അതിനു ശേഷം അവർ എന്നാണു വിരമിക്കുകയെന്ന ചോദ്യങ്ങൾ ഉയർത്താൻ തുടങ്ങിയെങ്കിലും ഇപ്പോൾ ഞാൻ പാരീസിലാണ്. ഞാൻ സന്തോഷത്തോടെയും ആകാംഷയോടെയും തുടരുന്നു, പുതിയ വെല്ലുവിളികളോട് പോരാടാൻ തയ്യാറെടുക്കുന്നു."

"എനിക്കെത്രത്തോളം സമയം ബാക്കിയുണ്ടെന്നറിയില്ല. എന്നാൽ അത് വളരെയധികമുണ്ടെന്ന് പ്രതീക്ഷിക്കുന്നു, കാരണം ഞാനിത് ഇഷ്‌ടപ്പെടുന്നു. മറ്റുള്ള സമയത്ത് ഈ അവാർഡ് നേടിയപ്പോഴെല്ലാം എന്തോ നഷ്‌ടബോധം എന്നെ അലട്ടിയിരുന്നു, എന്തോ എന്നെ അലട്ടിയിരുന്നു. എന്നാൽ ഒരുപാട് വീഴ്‌ചകളിലൂടെ കടന്നു പോയതിനു ശേഷം ഈ വർഷം ഞാൻ വളരെയധികം ആഗ്രഹിച്ച സ്വപ്‌നം സാക്ഷാത്കരിക്കാൻ എനിക്കായി. കോപ്പ അമേരിക്ക നേടിയതാണ് ഈ അവാർഡിന് പ്രധാന കാരണം." മെസി പറഞ്ഞു.

facebooktwitterreddit