Football in Malayalam

കോവിഡ് സുഖപ്പെടാൻ വിചാരിച്ചതിലും സമയമെടുത്തുവെന്ന് മെസി, ഏവർക്കും നന്ദിയറിയിച്ച് പിഎസ്‌ജി താരം

Sreejith N
Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / ATPImages/GettyImages
facebooktwitterreddit

കോവിഡ് ബാധിതനായ തന്റെ രോഗം സുഖപ്പെടാൻ വിചാരിച്ചതിനേക്കാൾ സമയമെടുത്തുവെന്ന് ലയണൽ മെസി. എന്നാലിപ്പോൾ അസുഖം ഭേദമായെന്നും പിഎസ്‌ജി ടീമിലേക്ക് തിരിച്ചെത്താൻ ഏറെക്കുറെ തയ്യാറെടുത്തു കഴിഞ്ഞുവെന്നും മെസി കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ അയച്ച സന്ദേശത്തിൽ തനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും താരം നന്ദിയറിക്കുകയും ചെയ്‌തു.

പുതുവർഷം പിറന്നതിനു പിന്നാലെയാണ് ലയണൽ മെസിക്ക് കോവിഡ് പോസിറ്റിവായത്. എന്നാൽ മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ നെഗറ്റിവ് ഫലവും ലഭിച്ചതിനെ തുടർന്ന് പിഎസ്‌ജിയിലേക്ക് തിരിച്ചെത്തിയ താരം ട്രെയിനിങ് ആരംഭിച്ചിരുന്നു. എന്നാൽ കോവിഡാനന്തരമുള്ള ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങൾ താരത്തിനുണ്ടായിരുന്നു എന്നാണു കരുതേണ്ടത്.

"ഗുഡ് ആഫ്റ്റർനൂൺ! എനിക്ക് കോവിഡ് ബാധിച്ചിരുന്നു എന്നു നിങ്ങൾക്കറിയാം. എനിക്ക് വന്ന ഓരോ സന്ദേശത്തിനും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ വിചാരിച്ചതിനേക്കാൾ സമയമെടുത്താണ് അസുഖം മാറിയതെങ്കിലും ഏറെക്കുറെ എനിക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. ഞാൻ കളിക്കളത്തിലേക്കുള്ള തിരിച്ചു വരവ് കാത്തിരിക്കുകയാണ്."

"നൂറു ശതമാനം ഫിറ്റ്നസ് വീണ്ടെടുക്കാൻ ഞാനീ ദിവസങ്ങളിൽ ട്രെയിനിങ് നടത്തുകയാണ്. ഈ വർഷം നിരവധി വെല്ലുവിളികൾ വരാനിരിക്കെ വളരെ അടുത്തു തന്നെ നമുക്ക് പരസ്‌പരം കാണാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. നന്ദി." ഇൻസ്റ്റാഗ്രാമിൽ അന്റോനെല്ലക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്‌തതിനു ശേഷം മെസി കുറിച്ചു.

പിഎസ്‌ജിക്കൊപ്പം ഇതുവരെയും ഫോമിലെത്താൻ കഴിയാത്ത ലയണൽ മെസി എന്നാണ് കളിക്കളത്തിലേക്ക് തിരിച്ചു വരികയെന്ന് ഇതുവരെയും തീരുമാനം ആയിട്ടില്ല. സീസണിന്റെ ആദ്യ പകുതിയിൽ മെസി മോശമായെങ്കിലും തിരിച്ചു വരവിൽ താരം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit