Football in Malayalam

അർജന്റീന ശരിയായ പാതയിൽ, ദേശീയ ടീം തന്നെ അമിതമായി ആശ്രയിക്കുന്നില്ലെന്നു ലയണൽ മെസി

Sreejith N
Argentina v Chile - FIFA World Cup 2022 Qatar Qualifier
Argentina v Chile - FIFA World Cup 2022 Qatar Qualifier / Pool/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ടൂർണമെന്റിനു മുന്നോടിയായി അർജന്റീന ശരിയായ ദിശയിലാണു സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്നും ടീം തന്നെ അമിതമായി ആശ്രയിക്കുന്നില്ലെന്നും വ്യക്തമാക്കി ടീമിന്റെ നായകനായ ലയണൽ മെസി. ഇതുവരെ ദേശീയ ടീമിനൊപ്പം ഒരു പ്രധാന കിരീടം പോലും സ്വന്തമാക്കിയിട്ടില്ലാത്ത മെസി അതു തന്നെയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കി. ചിലിക്കെതിരെ ടൂർണമെന്റിലെ ആദ്യ മത്സരത്തിനിറങ്ങുന്നതിനു മുൻപ് ഒലെ സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു മെസി.

"ഒരു കാലത്തും അർജന്റീന ടീം എന്നെ ആശ്രയിച്ചിട്ടില്ല. ഒരു ശക്തമായ സ്‌ക്വാഡ് സൃഷ്ടിക്കാനാണ് ഞങ്ങൾ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഞങ്ങൾ ഒരു കരുത്തുറ്റ സ്‌ക്വാഡല്ലെങ്കിൽ, ലക്ഷ്യങ്ങൾ നേടിയെടുക്കുക വളരെ ബുദ്ധിമുട്ടാണെന്നും ഞങ്ങൾ എല്ലായ്‌പോഴും പറഞ്ഞിട്ടുണ്ട്."

"നിലവിൽ ഞങ്ങൾ കരുത്തുറ്റ ഒരു ഗ്രൂപ്പാണെന്ന് ഞാൻ കരുതുന്നു. എല്ലാ താരങ്ങളും വളരെക്കാലമായി ഒരുമിച്ചു പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾ നേരത്തെ തന്നെ കോപ്പ അമേരിക്കയിൽ കളിച്ചതിന്റെ പരിചയസമ്പത്ത് ഗുണകരമാകും. മികച്ച രീതിയിൽ പരിശീലനം നടത്തുന്ന ഞങ്ങൾ ശരിയായ പാതയിലാണ്." മെസി പറഞ്ഞു.

അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനോട് സംസാരിക്കുമ്പോൾ ദേശീയ ടീമിനു വേണ്ടി താൻ എല്ലായിപ്പോഴും ലഭ്യമായിരിക്കുമെന്നും മെസി വ്യക്തമാക്കി. "ഞാൻ എല്ലായിപ്പോഴും ദേശീയ ടീമിന് വേണ്ടി ലഭ്യമായിരിക്കും. ഈ ജേഴ്‌സിയിൽ ഒരു കിരീടം നേടുകയെന്നത് എന്റെ ഏറ്റവും വലിയ സ്വപ്‌നമാണ്. നിരവധി തവണ അതിനടുത്തെത്തിയെങ്കിലും ലക്‌ഷ്യം നേടാനായില്ല. എന്നാൽ ഞാൻ ശ്രമിക്കും, ആ സ്വപ്‌നത്തിനു വേണ്ടി പൊരുതും."

കോപ്പ അമേരിക്കക്കു മുൻപ് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയും ചിലിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മുന്നിലെത്തിയതിനു ശേഷം സമനില വഴങ്ങേണ്ടി വന്ന അർജന്റീന ടൂർണമെന്റിന് വിജയത്തോടെ തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നത്.

facebooktwitterreddit