Football in Malayalam

മികച്ച പ്രകടനം കൊണ്ട് മാത്രം ഞങ്ങൾക്ക് തൃപ്തരാകാൻ കഴിയില്ല, കോപ്പ അമേരിക്കയിൽ കിരീടം തന്നെയാണ് ലക്ഷ്യമെന്ന് മെസി

Sreejith N
Argentina v Ecuador - South American Qualifiers for Qatar 2022
Argentina v Ecuador - South American Qualifiers for Qatar 2022 / Pool/Getty Images
facebooktwitterreddit

ജൂണിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ കിരീടത്തിൽ കുറഞ്ഞതൊന്നും തന്നെ തൃപ്തനാക്കില്ലെന്ന് അർജന്റീനിയൻ നായകൻ ലയണൽ മെസി. ദേശീയ ടീമിനൊപ്പം ഇതുവരെയും ഒരു സീനിയർ ലെവൽ കിരീടം പോലും സ്വന്തമാക്കിയിട്ടില്ലാത്ത മെസി ഈ വർഷത്തെ ടൂർണമെന്റിനിറങ്ങുമ്പോൾ അതു താരത്തിന്റെ അവസാന കോപ്പ അമേരിക്ക ആയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കോപ്പ അമേരിക്കക്കു മുൻപ് ചിലി, കൊളംബിയ എന്നിവർക്കെതിരെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാനുള്ള അർജന്റീന ടീമിനൊപ്പം പരിശീലകനം നടത്തുന്ന മെസി അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനോട് സംസാരിക്കുകയായിരുന്നു. "വളരെ അസാധാരണവും വ്യത്യസ്‌തവുമായ ഒരു സാഹചര്യത്തെയാണ് നമ്മൾ കൈകാര്യം ചെയ്‌തു കൊണ്ടിരിക്കുന്നത്. സാധാരണ രീതിയിലുള്ള ക്യാമ്പ് ഞങ്ങൾക്ക് നടത്താനാവില്ല. മെല്ലെ മെല്ലെ ഞങ്ങൾ ഒരുമിച്ച് ചേരുകയും യോഗ്യത മത്സരങ്ങൾക്കായി കഠിനാധ്വാനം ചെയ്യുകയുമാണ്," മെസി പറഞ്ഞു.

"വളരെ മികച്ച പ്രകടനം നടത്താൻ ആവേശത്തോടെ ഞാൻ കാത്തിരിക്കയാണ്. അവസാനത്തെ കോപ്പ അമേരിക്കയിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും അതിൽ ഞങ്ങൾക്ക് തൃപ്തരാകാൻ കഴിയില്ല. ഇനിയും മെച്ചപ്പെടാനുണ്ട്. അവസാനം നടന്ന യോഗ്യത മത്സരങ്ങളിൽ ടീം മികച്ച പ്രകടനം നടത്തിയെങ്കിലും അതിനു ശേഷം ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ട് വളരെക്കാലമായിരിക്കുന്നു. ഏറ്റവും പെട്ടന്നു തന്നെ ടീമെന്ന നിലയിൽ ഇണങ്ങിച്ചേർന്ന് താളം കണ്ടെത്തേണ്ടതുണ്ട്.

"ദേശീയ ടീമിനൊപ്പം കളിക്കുകയെന്നത് വളരെ സ്പെഷ്യലായ കാര്യമാണ്. വിജയം തന്നെയാണ് ടീമിന്റെ ലക്ഷ്യം. യുവതാരങ്ങളും പരിചയസമ്പന്നരായ മറ്റു താരങ്ങളും അതിനായി മുന്നോട്ടു വന്നുകഴിഞ്ഞു. ലയണൽ സ്കെലോണിക്കു കീഴിൽ, അദ്ദേഹം ഉൾപ്പെടുത്തിയ താരങ്ങളെയും വെച്ച് ഞങ്ങൾ ഒറ്റക്കെട്ടായ ഒരു ടീമായി മാറിയിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്."

കഴിഞ്ഞ സീസണിൽ ബ്രസീലിൽ വെച്ചു നടന്ന ലോകകപ്പിൽ അർജന്റീനക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. അതിനു മുൻപുള്ള രണ്ടു കോപ്പ അമേരിക്ക ടൂർണമെന്റുകളിൽ ഫൈനലിൽ കീഴടങ്ങിയ മെസിയും സംഘവും ഇത്തവണ കിരീടമുയർത്തുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


facebooktwitterreddit