Lionel Messi

"നാളെ പുതിയ കരാർ ഒപ്പിടുമെന്നു പറഞ്ഞാണ് മെസി പോയത്"- താരം ബാഴ്‌സലോണ വിട്ടത് അത്ഭുതപ്പെടുത്തിയ കാര്യമെന്ന് പരഡെസ്

Sreejith N
Paredes Reveals Messi's Transter U-turn Shocked Him
Paredes Reveals Messi's Transter U-turn Shocked Him / John Berry/GettyImages
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണ വിടേണ്ടി വന്ന സാഹചര്യം തന്നെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് അർജന്റീനയിലും പിഎസ്‌ജി ടീമിലും സഹതാരമായ ലിയാൻഡ്രോ പരഡെസ്. കോപ്പ അമേരിക്ക വിജയം നേടിയതിനു ശേഷം ഇബിസയിൽ വെച്ച് മെസിയെ തങ്ങൾ കണ്ടിരുന്നുവെന്നും പിഎസ്‌ജി ടീമിലേക്ക് ക്ഷണിച്ചപ്പോൾ അടുത്ത ദിവസം കരാർ ഒപ്പിടുമെന്നു പറഞ്ഞാണ് താരം പോയതെന്നും പരഡെസ് പറഞ്ഞു.

തീർത്തും അപ്രതീക്ഷിതമായി തന്നെയാണ് ലയണൽ മെസി ബാഴ്‌സലോണ വിടുന്നത്. കോപ്പ അമേരിക്ക വിജയത്തിനു ശേഷം അവധിക്കാലം ആഘോഷിച്ച് പുതിയ കരാർ ഒപ്പിടാൻ ബാഴ്‌സയിൽ എത്തിയ താരത്തിന് പക്ഷെ ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം കരാർ പുതുക്കി നൽകാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. മെസി ബാഴ്‌സയിൽ തന്നെ കരിയർ അവസാനിപ്പിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഭൂരിഭാഗം പേർക്കും വലിയ ഞെട്ടലാണ് ഇതു സമ്മാനിച്ചത്.

"ഞങ്ങൾ അതിനു മുൻപുള്ള ദിവസം മെസിയെ ഇബിസയിൽ വെച്ച് കണ്ടിരുന്നു. അടുത്ത ദിവസം ക്ലബുമായി കരാർ ഒപ്പിടുന്നതിനു പോകാൻ തയ്യാറെടുക്കുകയായിരുന്നു താരം. ഞങ്ങളുടെ കൂടെ വരാൻ മെസിയോട് പറഞ്ഞെങ്കിലും എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞുവെന്നും നാളെ പുതിയ കരാർ ഒപ്പിടാൻ വേണ്ടിയാണ് യാത്രയെന്നുമാണ് താരം പറഞ്ഞത്."

"അതിനു ശേഷം ബാഴ്‌സലോണയിലേക്കുള്ള യാത്രയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. കാരണം മെസി കരാർ പുതുക്കാൻ വേണ്ടി പോയ ദിവസം രാത്രി തന്നെ ഇവിടേക്ക് വരികയാണെന്ന് ഞങ്ങളെ അറിയിക്കുകയും ചെയ്‌തു. എന്നാൽ ആദ്യമൊന്നും ഞങ്ങളത് വിശ്വസിക്കാൻ തയ്യാറായില്ല."

"എല്ലാം തയ്യാറെടുപ്പുകളും പൂർത്തിയായി കഴിഞ്ഞുവെന്നും പാരീസിലേക്ക് കരാർ ഒപ്പിടാൻ പോവുകയാണെന്നും താരം പിന്നീട് അറിയിച്ചെങ്കിലും പിഎസ്‌ജി ജേഴ്‌സിയണിഞ്ഞു കണ്ടാലേ അതു വിശ്വസിക്കൂവെന്നാണ് ഞാൻ മറുപടി നൽകിയത്." ടൈക് സ്പോർട്ടുമായുള്ള അഭിമുഖത്തിൽ പരഡെസ് പറഞ്ഞു.

എംബാപ്പെ, നെയ്‌മർ സഖ്യത്തോടൊപ്പം മെസിയും ചേരുമ്പോൾ ഈ സീസണിൽ പിഎസ്‌ജി യൂറോപ്പിലെ ഉയരങ്ങൾ കീഴടക്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അതു നിറവേറ്റാൻ അവർക്കു കഴിഞ്ഞില്ല. ഈ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം മാത്രം നേടിയ പിഎസ്‌ജിക്കു വേണ്ടി സമീപകാലത്തെ ഏറ്റവും മോശം വ്യക്തിഗത പ്രകടനമാണ് മെസി നടത്തിയത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit