പിഎസ്‌ജിയുടെ മൈതാനത്ത് മെസിയുടെ അരങ്ങേറ്റം വൈകിയേക്കും, ക്ലെർമോർണ്ടിനെതിരെ ലാറ്റിനമേരിക്കൻ താരങ്ങൾ ടീമിലുണ്ടാകില്ല

Sreejith N
French Ligue 1"Stade de Reims  Paris Saint-Germain"
French Ligue 1"Stade de Reims Paris Saint-Germain" / ANP Sport/Getty Images
facebooktwitterreddit

പിഎസ്‌ജി ജേഴ്‌സിയിൽ ലയണൽ മെസിയുടെ അരങ്ങേറ്റം ഇന്റർനാഷണൽ ബ്രേക്കിനു മുൻപ് റെയിംസിനെതിരെ നടന്ന മത്സരത്തിൽ ഉണ്ടായെങ്കിലും ആരാധകർക്ക് അതു പൂർണമായും തൃപ്‌തി നൽകിയിരുന്നില്ല. ഏതാണ്ട് ഇരുപത്തിനാലു മിനുട്ടോളം കളത്തിലുണ്ടായിരുന്ന താരത്തിനു മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല എന്നതിനൊപ്പം മത്സരം പിഎസ്‌ജിയുടെ മൈതാനത്തു വെച്ചായിരുന്നില്ല എന്നതു കൊണ്ടും ആരാധകർ അടുത്ത മത്സരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.

പിഎസ്‌ജി അരങ്ങേറ്റത്തിനു ശേഷം ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനയ്ക്കു വേണ്ടി കളിക്കാൻ പോയ ലയണൽ മെസി രണ്ടു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടി തന്റെ ഫോം തെളിയിച്ചെങ്കിലും പിഎസ്‌ജിയുടെ മൈതാനത്ത് താരം ഇറങ്ങാൻ ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് പരിശീലകനായ മൗറീസിയോ പോച്ചട്ടിനോയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം വ്യക്തമാക്കുന്നത്.

ലയണൽ മെസി, നെയ്‌മർ തുടങ്ങി ലാറ്റിനമേരിക്കയിൽ വെച്ചു നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പങ്കെടുത്ത താരങ്ങളെ അടുത്ത മത്സരത്തിൽ ഒഴിവാക്കുകയാണ് നല്ലതെന്നാണ് പോച്ചട്ടിനോ പറയുന്നത്. "സൗത്ത് അമേരിക്കൻ കളിക്കാരെ സംബന്ധിച്ച്, കോമണ്സെൻസ് പ്രകാരം മെസി, പരഡെസ്, ഡി മരിയ, നെയ്‌മർ എന്നിവർ ഇവിടെ ഉണ്ടാകില്ല." അദ്ദേഹം വ്യക്തമാക്കി.

ഫ്രഞ്ച് ലീഗിൽ ക്ലെർമോർണ്ടിനെതിരായ മത്സരത്തിൽ കളിക്കില്ലെങ്കിലും അതിനു പിന്നാലെ തന്നെ ഈ താരങ്ങൾ മൈതാനത്തിറങ്ങും. എന്നാൽ ചാമ്പ്യൻസ് ലീഗിൽ ക്ലബ് ബ്രൂഗക്കെതിരെ ബുധനാഴ്‌ച നടക്കാനിരിക്കുന്ന എവേ മാച്ചിൽ മെസി കളിച്ചാലും പാർക് ഡി പ്രിൻസസിൽ കളിക്കാനിറങ്ങാൻ താരം ലിയോണിനെതിരെയുള്ള അടുത്ത ഫ്രഞ്ച് ലീഗ് മത്സരം വരെ കാത്തിരിക്കേണ്ടി വരും.

അതേസമയം ദുർബലരായ എതിരാളികൾ ആണെങ്കിലും ക്ലെർമോണ്ടിനെതിരായ മത്സരം പോച്ചട്ടിനോക്ക് തലവേദനയാണ്. പരിക്കു മൂലം സെർജിയോ റാമോസ്, വെറാറ്റി, ഡാബ, ബെർണറ്റ്, കുർസാവ, ഗാർബി എന്നിവരെ നഷ്ടമായ ടീമിൽ നിന്നുമാണ് സൗത്ത് അമേരിക്കൻ താരങ്ങളും ഒഴിവാക്കപ്പെട്ടിരിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit