Football in Malayalam

മെസി നഷ്ടപ്പെടുത്തിയ പെനാൽറ്റി വീണ്ടും എടുക്കേണ്ടതായിരുന്നു, വീഡിയോ റഫറിക്ക് സംഭവിച്ചത് വലിയ പിഴവ്

Sreejith N
Paris Saint-Germain v FC Barcelona  - UEFA Champions League Round Of 16 Leg Two
Paris Saint-Germain v FC Barcelona - UEFA Champions League Round Of 16 Leg Two / Xavier Laine/Getty Images
facebooktwitterreddit

ബാഴ്‌സലോണയും പിഎസ്‌ജിയും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിലുണ്ടായ ഏറ്റവും നിർണായകമായ സംഭവമായിരുന്നു ലയണൽ മെസിയെടുത്ത പെനാൽറ്റി ഫ്രഞ്ച് ക്ലബിന്റെ കീപ്പറായ കെയ്‌ലർ നവാസ് തടഞ്ഞിട്ടത്. ആദ്യപകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത് പിഎസ്‌ജി ഗോൾമുഖം നിരന്തരം ആക്രമിച്ച ബാഴ്‌സലോണക്ക് തിരിച്ചു വരാനുള്ള പഴുതുകളടക്കാനും ടീമിന്റെ ആത്മവിശ്വാസത്തിനു മങ്ങലേൽപ്പിക്കാനും ആ രക്ഷപ്പെടുത്തൽ കൊണ്ട് നവാസിനായി.

എന്നാൽ മെസി നഷപ്പെടുത്തിയ ആ പെനാൽറ്റി വീണ്ടും എടുക്കേണ്ടതായിരുന്നു എന്നാണ് ഇപ്പോൾ യൂറോപ്യൻ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്. മെസി പെനാൽറ്റി എടുക്കുന്ന സമയത്ത് പിഎസ്‌ജി താരം മാർകോ വെറാറ്റി ഡി ബോക്‌സിന്റെ ഉള്ളിലായിരുന്നുവെന്നും നവാസ് ഗോൾകീപ്പർ ലൈനിൽ നിന്നും മുന്നോട്ട് കയറിയോയെന്നു പരിശോധിച്ച വീഡിയോ റഫറി ഇക്കാര്യം പരിശോധിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും മത്സരത്തിന് ശേഷം മാധ്യമങ്ങളും ആരാധകരും പറയുന്നു.

അന്റോയിന് ഗ്രീസ്മാനെ കുർസാവ വീഴ്ത്തിയതിന് ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപെയാണ് ബാഴ്‌സലോണക്ക് പെനാൽറ്റി ലഭിച്ചത്. എന്നാൽ മെസി പെനാൽറ്റി എടുക്കുന്ന സമയത്ത് പെനാൽറ്റി ബോക്സിനു പുറത്തുള്ള ആർക്കിന് ഉള്ളിലായിരുന്നു വെറാറ്റിയുണ്ടായിരുന്നത്. മെസിയെടുത്ത ഷോട്ട് കെയ്‌ലർ നവാസിന്റെ കാലുകളിലും അതിനു ശേഷം ക്രൊസ്സ്ബാറിലും തട്ടി തിരിച്ചു വന്നപ്പോൾ അത് ക്ലിയർ ചെയ്‌തതും വെറാറ്റിയായിരുന്നു.

പെനാൽറ്റി എടുത്തതിന്റെ ദൃശ്യങ്ങൾ വീഡിയോ റഫറി പരിശോധിച്ചെങ്കിലും നിയന്ത്രിക്കപ്പെട്ട ഏരിയയുടെ ഉള്ളിലേക്ക് വെറാറ്റി കയറിയതിനു യാതൊരു നടപടിയും ഉണ്ടായില്ല. പെനാൽറ്റി വീണ്ടും എടുക്കേണ്ടതായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെങ്കിലും വീഡിയോ റഫറിയുടെ പരിശോധനയിൽ സംഭവിച്ച പിഴവ് ബാഴ്‌സക്ക് തിരിച്ചു വരാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്.

പെനാൽറ്റി നഷ്ടപ്പെടുത്തിയത് രണ്ടാം പകുതിയിൽ ബാഴ്‌സയുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നത് വ്യക്തമായിരുന്നു. ആദ്യപകുതിക്കനുസരിച്ച പ്രകടനം രണ്ടാം പകുതിയിൽ കാഴ്ച വെക്കാൻ ലയണൽ മെസിക്കും സംഘത്തിനും കഴിഞ്ഞില്ല. ഒരുപക്ഷെ ആ പെനാൽറ്റി ഗോളായിരുന്നെങ്കിൽ അവസാന നിമിഷം വരെ ആവേശം തുളുമ്പുന്ന ഒരു രണ്ടാം പകുതിയാകുമായിരുന്നു മത്സരത്തിലേത്.

facebooktwitterreddit