Football in Malayalam

റൊണാൾഡീന്യോയുടെ അമ്മയുടെ മരണത്തിൽ അനുശോചനസന്ദേശവുമായി ലയണൽ മെസി

Sreejith N
Olympics Day 11 - Football
Olympics Day 11 - Football / Shaun Botterill/Getty Images
facebooktwitterreddit

ബ്രസീലിയൻ ഇതിഹാസം റൊണാൾഡീന്യോയുടെ അമ്മയുടെ മരണത്തിൽ അനുശോചനമറിയിച്ച് ബാഴ്‌സലോണ നായകൻ ലയണൽ മെസി. റൊണാൾഡീന്യോയുടെ ജന്മദേശമായ പോർട്ടോ അലെഗ്രെയിലെ ആശുപത്രിയിൽ വെച്ചാണ് എഴുപത്തിയൊന്നുകാരിയായ മിഗ്വലിന കഴിഞ്ഞ ദിവസം മരണമടഞ്ഞത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡിസംബർ മുതൽ ഇവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മെസിയെ ലോകത്തിലെ ഏറ്റവും മികച്ച താരമായി വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുള്ള ബ്രസീലിയൻ താരത്തിന് ഇൻസ്റ്റഗ്രാമിലൂടെയാണ് ബാഴ്‌സ നായകൻ തന്റെ പിന്തുണ അറിയിച്ചത്. "റോണീ, എനിക്ക് വാക്കുകൾ കിട്ടുന്നില്ല, ഇത് വിശ്വസിക്കാനാകുന്നില്ല. നിനക്ക് മനശക്തി നൽകുന്നതിനൊപ്പം നിനക്കും നിന്റെ കുടുംബത്തിനും എന്റെ ആലിംഗനം. റെസ്റ്റ് ഇൻ പീസ്," മെസി കുറിച്ചു.

ഗ്രാമിയയിലൂടെ കരിയർ തുടങ്ങിയ റൊണാൾഡീന്യോ 2001ൽ പിഎസ്‌ജിയിലേക്ക് ചെക്കേറിയെങ്കിലും ലോകഫുട്ബോളിൽ തരംഗമാകുന്നത് ബാഴ്‌സലോണയിൽ എത്തിയതിനു ശേഷമാണ്. അഞ്ചു ട്രോഫികളും ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ബാഴ്‌സലോണക്കൊപ്പം നേടിയ താരം പിന്നീട് എസി മിലാൻ ഫ്‌ളമങ്ങോ, ഫ്ലുമിനെൻസ് എന്നീ ക്ലബുകളിലും കളിച്ചിട്ടുണ്ട്.

ലോകഫുട്ബോളിൽ താൻ ഏറ്റവും മികച്ച താരമായി ഉയർന്നു വന്നതിനു അമ്മ നൽകിയ പിന്തുണയെക്കുറിച്ച് താരം മുൻപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 2018ൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച താരം ക്ലബ് തലത്തിൽ 699 മത്സരങ്ങളിൽ നിന്നും 266 ഗോളുകളും ബ്രസീലിനായി 97 മത്സരങ്ങളിൽ നിന്നും 33 ഗോളും നേടിയിട്ടുണ്ട്.

റൊണാൾഡീന്യോയുടെ മുൻ ക്ലബുകളായ അത്ലറ്റിക് മിനെയ്‌റോ, പിഎസ്‌ജി എന്നിവരും മരണത്തിൽ അനുശോചനം അറിയിച്ചു. റൊണാൾഡിന്യോയോടും സഹോദരൻ റോബർട്ടോയോടും അവരുടെ അമ്മയുടെ മരണത്തിൽ അഗാധമായ അനുശോചനം അറിയിക്കുന്നതിനൊപ്പം ഈ ദുഃഖാർത്തമായ സമയത്ത് തങ്ങളുടെ എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നാണ് പിഎസ്‌ജി കുറിച്ചത്.

facebooktwitterreddit