Football in Malayalam

പിഎസ്‌ജിയിൽ അടുത്ത സീസണിലും തുടരുന്നതിലൂടെ മെസി ലക്ഷ്യമിടുന്നതെന്തെല്ലാം

Sreejith N
Messi's Future Plans With PSG
Messi's Future Plans With PSG / David Ramos/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിനോടു തോറ്റ് പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന്റെ ആരാധകരോഷത്തിനു ലയണൽ മെസിയും ഇരയായിരുന്നു. മെസിയുടെ കരിയറിൽ തന്നെ അപൂർവമായ സംഭവത്തിനു ശേഷം താരം പിഎസ്‌ജി വിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അതുണ്ടാകില്ലെന്നും അടുത്ത സീസണിൽ കരാർ അവസാനിക്കുന്നതു വരെ അർജന്റീന താരം ക്ലബിനൊപ്പം തുടരുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

എംബാപ്പെ ഈ സമ്മറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യതയുള്ളതിനാൽ അടുത്ത സീസണിൽ പിഎസ്‌ജി ലയണൽ മെസിയെ കൂടുതൽ ആശ്രയിക്കാൻ സാധ്യതയുണ്ട്. എംബാപ്പയുടെ അഭാവത്തിൽ പിഎസ്‌ജി ടീമിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാൻ സാധ്യതയുള്ളതിനാൽ പുതിയ പരിശീലകന്റെ ശൈലിയനുസരിച്ച് കൂടുതൽ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷ മെസിക്കുണ്ടെന്ന് മാർക്കയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ സീസണിൽ മെസി കൂടുതലും ഒരു പ്ലേമേക്കർ എന്ന നിലയിലാണ് പിഎസ്‌ജിയിൽ കളിച്ചത്. ഡീപ്പിലേക്ക് ഇറങ്ങിച്ചെന്ന് കളി മെനഞ്ഞ് മുന്നേറ്റനിരയിലെ പ്രധാന താരമായ എംബാപ്പക്ക്‌ ഗോളടിക്കാൻ അവസരങ്ങൾ ഒരുക്കുകയെന്ന ദൗത്യം ലഭിച്ചത്‌ മെസിയുടെ ഗോൾവേട്ടയെ ബാധിച്ചിട്ടുണ്ട്. എന്നാൽ എംബാപ്പെ ക്ലബ് വിട്ടതോടെ മുന്നേറ്റനിരയിൽ കൂടുതൽ ആക്രമിച്ചു കളിക്കാൻ മെസിക്കു കഴിയും.

ഇതിനു പുറമെ ചാമ്പ്യൻസ് ലീഗ് കിരീടവും മെസിയുടെ പ്രധാന ലക്ഷ്യമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പിഎസ്‌ജിക്ക് ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ വേണ്ടി കൂടിയാണ് മെസി അടുത്ത സീസണിൽ ക്ലബിൽ തുടരാനുള്ള തീരുമാനമെടുത്തത്. ഈ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം നേടി ആ ലക്ഷ്യത്തിലേക്ക് അടിത്തറ പണിയാമെന്ന് താരം കരുതുന്നു.

ലോകകപ്പാണ് മെസിയുടെ ഏറ്റവും പ്രധാന ലക്‌ഷ്യം. അർജന്റീന ടീമിനു വേണ്ടി ഇതുവരെയും ഒരു കിരീടം നേടിയിട്ടില്ലെന്നത് കഴിഞ്ഞ കോപ്പ അമേരിക്ക നേട്ടത്തോടെ താരം പരിഹരിച്ചെങ്കിലും മുപ്പത്തിയഞ്ചാം വയസിൽ ലോകകിരീടമുയർത്തി കരിയറിന് കൂടുതൽ മിഴിവേകാൻ താരം ആഗ്രഹിക്കുന്നുണ്ട്. പിഎസ്‌ജിയിൽ ഏറ്റവും മികച്ച പ്രകടനം നടത്തി അതിലേക്കെത്താമെന്ന് താരം പ്രതീക്ഷിക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit