ലയണൽ മെസിക്കു ബാഴ്സലോണയിലേക്കു തിരിച്ചു വരണം, ക്ലബ് നേതൃത്വത്തെ വിളിച്ച് താരത്തിന്റെ പിതാവ് ജോർജ് മെസി


വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ ലയണൽ മെസി ആരംഭിച്ചതായി റിപ്പോർട്ടുകൾ. ലയണൽ മെസിയുടെ പിതാവും ഏജന്റുമായ ജോർജ് മെസി താരത്തിന്റെ തിരിച്ചുവരവിനു വേണ്ടി ബാഴ്സയെ ബന്ധപ്പെട്ടുവെന്ന് കാറ്റലൻ ജേർണലിസ്റ്റായ ജെറാർഡ് റൊമേരോ റിപ്പോർട്ടു ചെയ്യുന്നത്.
ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് ഫ്രഞ്ച് ക്ലബിനൊപ്പം മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ല. ഇതിന്റെ പേരിൽ എല്ലാ ഭാഗത്തു നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന താരം ഫ്രാൻസിൽ അസംതൃപ്തനാണെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.
ഈ സീസണിൽ ഫ്രഞ്ച് ലീഗിലെ അസിസ്റ്റ് വേട്ടക്കാരിൽ മുന്നിലുള്ള ലയണൽ മെസി സീസണിലുടനീളം പതിനൊന്നു അസിസ്റ്റും ഏഴു ഗോളുകൾക്കാണ് നേടിയിട്ടുള്ളത്. എന്നാൽ തന്റെ മുൻപത്തെ ഫോമിന്റെ അടുത്തു പോലുമെത്താൻ കഴിയാത്തതു കൊണ്ടാണ് താരം തിരിച്ചു വരവിനുള്ള സാധ്യതകൾ തേടുന്നത്.
കഴിഞ്ഞ സമ്മറിൽ രണ്ടു വർഷത്തെ കരാറാണ് പിഎസ്ജിയുമായി ലയണൽ മെസി ഒപ്പിട്ടത്. അതിനാൽ തന്നെ ഈ സമ്മറിൽ ക്ലബ് വിടണമെങ്കിൽ പിഎസ്ജിയുടെ ആവശ്യങ്ങൾ ബാഴ്സലോണ അംഗീകരിക്കേണ്ടി വരും. ബാഴ്സലോണയും പിഎസ്ജിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലെന്നത് മെസിയുടെ തിരിച്ചു വരവിനു വിലങ്ങുതടിയാണ്.
അതിനൊപ്പം തന്നെ ബാഴ്സലോണ ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ തയ്യാറാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സാവിയുടെ കീഴിൽ യുവതാരങ്ങളെ വെച്ച് ഭാവിയിലേക്കുള്ള ഒരു ടീമിനെ ബാഴ്സ കെട്ടിപ്പടുത്തു കൊണ്ടിരിക്കയാണ്. അതിലേക്ക് ലയണൽ മെസിയെ ഉൾക്കൊള്ളിക്കാൻ അവർ തയ്യാറാകുമോ എന്നു കണ്ടറിയേണ്ട കാര്യമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.