Football in Malayalam

മെസിയും റൊണാൾഡോയും നേർക്കുനേർ വരാൻ അവസരമൊരുങ്ങുന്നു, ബാഴ്‌സ-യുവന്റസ് മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചു

Sreejith N
Cristiano Ronaldo (R) of Juventus FC and Lionel Messi of FC...
Cristiano Ronaldo (R) of Juventus FC and Lionel Messi of FC... / Nicolò Campo/Getty Images
facebooktwitterreddit

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പരസ്‌പരം ഏറ്റുമുട്ടിയതിനു ശേഷം ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും വീണ്ടും നേർക്കുനേർ വരാൻ അവസമൊരുങ്ങുന്നു. ബാഴ്‌സലോണയും യുവന്റസും തമ്മിൽ ഏറ്റുമുട്ടുന്ന യോൻ ഗാമ്പർ ട്രോഫി എക്‌സിബിഷൻ ഓഗസ്റ്റ് എട്ടിനു ക്യാമ്പ് നൂവിൽ വെച്ചു നടക്കുമെന്ന് തീരുമാനമായി.

ബാഴ്‌സലോണയും യുവന്റസും തമ്മിൽ രണ്ടു മത്സരമാണ് യോൻ ഗാമ്പർ ട്രോഫിയുടെ ഭാഗമായി നടക്കുന്നത്. ഇരു ടീമുകളുടെയും പുരുഷ, വനിതാ ടീമുകൾ തമ്മിൽ ക്യാമ്പ് നൂവിൽ ഏറ്റുമുട്ടും. മത്സരത്തിന് കാണികൾ ഉണ്ടാകുമെന്ന പ്രത്യേകത കൂടിയുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്റ്റേഡിയത്തിന്റെ ശേഷിയുടെ ഇരുപതു ശതമാനം കാണികളെയാണ് മത്സരം കാണാൻ അനുവദിക്കുക.

മെസിയും റൊണാൾഡോയും ഒരിക്കൽക്കൂടി പരസ്‌പരം ഏറ്റുമുട്ടുന്നത് കാണാമെന്ന പ്രതീക്ഷ ആരാധകർക്കുണ്ടെങ്കിലും അർജന്റീന നായകൻ മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ ക്ലബുമായി കരാർ ഒപ്പിടേണ്ടതുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബാഴ്‌സലോണ താരത്തിനു പുതിയ കരാർ നൽകാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെയും അതിൽ വിജയം കണ്ടിട്ടില്ല.

1966 മുതൽ എല്ലാ വർഷവും യോൻ ഗാമ്പർ ട്രോഫി ബാഴ്‌സലോണ സംഘടിപ്പിക്കുന്നുണ്ട്. ഇതിനു മുൻപ് 2005ൽ ബാഴ്‌സയും യുവന്റസും തമ്മിൽ ഇതിന്റെ ഭാഗമായി നടന്ന മത്സരത്തിൽ മെസി കളിക്കാനിറങ്ങിയിരുന്നു. കഴിഞ്ഞ എട്ടു വർഷവും ഗാമ്പർ ട്രോഫി വിജയിച്ച ബാഴ്‌സലോണ അവസാനമായി തോൽക്കുന്നത് 2012ൽ സാംപ്‌ദോറിയയോടാണ്.

facebooktwitterreddit