FC Barcelona News

ബാഴ്‌സ നായകനായതിനു ശേഷം ആദ്യ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ലയണൽ മെസി

Sreejith N
Athletic Club v FC Barcelona - Copa del Rey Final
Athletic Club v FC Barcelona - Copa del Rey Final / Fran Santiago/Getty Images
facebooktwitterreddit

2018ൽ ആന്ദ്രേ ഇനിയേസ്റ്റയിൽ നിന്നും ബാഴ്‌സലോണ നായകസ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യത്തെ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ലയണൽ മെസി. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്താണ് ഈ സീസണിലെ ആദ്യകിരീടം ബാഴ്‌സലോണ സ്വന്തമാക്കിയത്. മത്സരത്തിൽ മെസി ഇരട്ടഗോളുകൾ നേടിയിരുന്നു.

"ഈ ക്ലബിന്റെ നായകനാവാൻ കഴിയുന്നത് വളരെ പ്രത്യേകതകളുള്ള കാര്യമാണ്. അതുപോലെ തന്നെയാണ് എനിക്ക് കോപ്പ ഡെൽ റേ ഉയർത്താൻ കഴിഞ്ഞതും. എന്നാൽ ഫൈനൽ വിജയം ആരാധകർക്കൊപ്പം ആഘോഷിക്കാൻ കഴിയില്ലെന്നതിൽ നിരാശയുണ്ട്. നിലവിൽ എല്ലാവരും കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യവും വളരെ മോശമാണ്." മെസി മത്സരത്തിനു ശേഷം ബാഴ്‌സ ടിവിയോട് പറഞ്ഞു.

"വളരെ പരുഷമായ രീതിയിൽ 4-4-2 ഫോർമേഷനിൽ അത്ലറ്റിക് ബിൽബാവോ കളിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ ഞങ്ങൾ ക്ഷമയോടെ പന്ത് കൈവശം വെച്ച് അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ആദ്യപകുതിയിൽ ഞങ്ങൾ വളരെയധികം മുന്നേറ്റങ്ങൾ സംഘടിപ്പിച്ചപ്പോൾ രണ്ടാം പകുതി ഉപേക്ഷിച്ചതു പോലെയാണ് അവർ കളിച്ചിരുന്നത്." മെസി വെളിപ്പെടുത്തി.

റയൽ മാഡ്രിഡിനോട് തോറ്റതോടെ ലാ ലിഗ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് വീണെങ്കിലും ഇപ്പോഴും കിരീടപ്രതീക്ഷയുള്ള ബാഴ്‌സലോണ അതിനു വേണ്ടി പൊരുതുമെന്നും മെസി പറഞ്ഞു. സീസണിന്റെ തുടക്കത്തിൽ മോശം ഫോമിലായിരുന്ന ബാഴ്‌സ ഇപ്പോൾ കൂടുതൽ കരുത്തരായി വരികയാണെന്നും മെസി വ്യക്തമാക്കി.

ഫൈനലിന്റെ ആദ്യപകുതിയിൽ ഗോളൊന്നും നേടാൻ കഴിയാതിരുന്ന ബാഴ്‌സലോണ രണ്ടാം പകുതിയിൽ പന്ത്രണ്ടു മിനുറ്റിനിടെയാണ് നാല് ഗോളുകൾ നേടിയത്. ഗ്രീസ്മാൻ തുടങ്ങിവെച്ച ഗോൾ വേട്ടയിൽ ഡി ജോങ്ങും പങ്കാളിയായപ്പോൾ അവസാനത്തെ രണ്ടു ഗോളുകളാണ് മെസിയുടെ ബൂട്ടിൽ നിന്നും പിറന്നത്.

facebooktwitterreddit