ബാഴ്സയിൽ തന്നെ കരിയർ അവസാനിപ്പിക്കുമെന്നു തീരുമാനിച്ചിരുന്നു, ക്ലബ് വിടേണ്ടി വരുമെന്നു പ്രതീക്ഷിച്ചില്ലെന്നു മെസി


ബാഴ്സലോണക്കൊപ്പം കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്ന താൻ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലയണൽ മെസി. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം മെസിക്ക് പുതിയ കരാർ നൽകാൻ കഴിയാത്തതിനെ തുടർന്നാണ് താരം സ്പെയിൻ വിട്ട് ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് ചേക്കേറിയത്. അതിനു ശേഷം ആദ്യമായി നൽകിയ അഭിമുഖത്തിൽ ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കുകയായിരുന്നു മെസി.
"ഞാനൊരിക്കലും അതു പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ ബാഴ്സയിലേക്ക് തിരിച്ചു പോകുമെന്നും പുതിയ കരാറൊപ്പിട്ട് നേരിട്ട് ട്രെയിനിങ് തുടങ്ങുമെന്നുമാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്."
"എല്ലാം തയ്യാറാണെന്നും ഞാനൊപ്പിട്ടാൽ മാത്രം മതിയെന്നുമാണ് കരുതിയത്. എന്നാൽ അവിടെയെത്തിയപ്പോൾ അവർ അതു സാധ്യമാകില്ലെന്ന് അറിയിച്ചു. എന്റെ കരാർ പുതുക്കാൻ അവർക്കു കഴിയാതിരുന്നതിനാൽ ക്ലബിനൊപ്പം തുടരാൻ കഴിയില്ലെന്നും പുതിയൊരു ക്ലബ്ബിനെ കണ്ടെത്തണമെന്നും അവർ അറിയിച്ചു, അതാണെന്റെ പദ്ധതികളിൽ മാറ്റം വരുത്തിയത്."
"അതു മനസിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾക്കു സ്വന്തം വീടു വിടേണ്ടി വരിക, കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങൾ എല്ലാം തകിടം മറിയുക, കുട്ടികളുടെ സ്കൂളുകൾ മാറി പൂർണമായും പുതിയൊരു സ്ഥലത്തേക്ക് പോകേണ്ടി വരിക എന്നതെല്ലാം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു."
"എന്റെ കരിയറിൽ തന്നെ ഇതാദ്യത്തെ സംഭവമായിരുന്നു. ഞാനെന്റെ കരിയർ ബാഴ്സലോണയിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നു. വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു സംഭവിച്ചതെങ്കിലും ഞങ്ങളാ പരീക്ഷണത്തെ ഒരുമിച്ച് മറികടന്നു. എന്റെ മനസിലൂടെ നിരവധി കാര്യങ്ങൾ കടന്നു പോയെങ്കിലും ക്ലബ് വിട്ടുകയല്ലാതെ മറ്റൊരു ചോയ്സ് ഇല്ലായിരുന്നു." മെസി വ്യക്തമാക്കി.
മുൻ വർഷങ്ങളിലെ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥമായ ഭരണവും കുത്തഴിഞ്ഞ സാമ്പത്തിക നയങ്ങളുമാണ് ബാഴ്സയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ട്ടിച്ചതും ടീമിലെ ഏറ്റവും മികച്ച സൂപ്പർ താരത്തെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തിച്ചതും. മെസി ക്ലബ് വിട്ടതിനു ശേഷം പതറുന്ന ബാഴ്സലോണ നിലവിൽ നിലവിൽ ലീഗിൽ ഒൻപതാം സ്ഥാനത്താണ്.