കോവിഡ് നെഗറ്റിവായതിനെ തുടർന്ന് മെസി അർജന്റീനയിൽ നിന്നും പിഎസ്‌ജിയിലേക്ക് മടങ്ങി

Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Catherine Steenkeste/GettyImages
facebooktwitterreddit

കോവിഡ് പരിശോധന നെഗറ്റിവായതിനെ തുടർന്ന് ലയണൽ മെസി അർജന്റീനയിൽ നിന്നും പിഎസ്‌ജിയിലേക്ക് മടങ്ങിയതായി റിപ്പോർട്ടുകൾ. ഈ മാസത്തിന്റെ തുടക്കത്തിൽ നടത്തിയ കോവിഡ് ടെസ്റ്റിലാണ് മെസിക്ക് പോസിറ്റിവ് ഫലം ലഭിച്ചത്. അതു കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ താരത്തിന് കോവിഡ് നെഗറ്റിവ് ഫലവും ലഭിച്ചെന്ന റിപ്പോർട്ടുകൾ ആരാധകർക്ക് അവിശ്വസനീയമായ അനുഭവമാണ് നൽകിയിരിക്കുന്നത്.

അർജന്റീനിയൻ മാധ്യമമായ ഒലെയാണ് മെസിക്ക് കോവിഡ് നെഗറ്റിവ് പരിശോധനാഫലം ഔദ്യോഗികമായി ലഭിച്ചുവെന്നു വെളിപ്പെടുത്തിയത്. താരം ഫ്രാൻസിലേക്ക് വിമാനം കയറുന്നതിന്റെ ചിത്രങ്ങളും അവർ പുറത്തു വിട്ടിട്ടുണ്ട്. ഇതോടെ ലിയോണിനെതിരെ നടക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ താരം കളിക്കാനിറങ്ങുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനു ശേഷവും മെസിക്ക് അതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. സ്ഥിരമായി തന്റെ ആരോഗ്യാവസ്ഥ താരം വിലയിരുത്തുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനു വളരെ വേഗത്തിൽ തന്നെ നെഗറ്റിവ് ഫലം ലഭിച്ചത്. എന്നിരുന്നാലും പിഎസ്‌ജിയിൽ എത്തിയതിനു ശേഷം താരം നിരവധി മെഡിക്കൽ റെസ്റ്റുകൾക്ക് വിധേയനാകേണ്ടി വരും.

മെസി പിഎസ്‌ജിയിലേക്ക് തിരിച്ചതോടെ ഫ്രഞ്ച് ലീഗിലെ പ്രധാന മത്സരങ്ങളിൽ ഒന്നായ പിഎസ്‌ജി-ലിയോൺ പോരാട്ടത്തിന് താരവും ഇറങ്ങുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. താരം ഇറങ്ങുകയാണെങ്കിൽ നെയ്‌മറുടെ അഭാവത്തിൽ മെസിയും എംബാപ്പയുമാവും പിഎസ്‌ജി ആക്രമണങ്ങളെ നയിക്കുക. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടിയെ എംബാപ്പെ മികച്ച ഫോമിലാണ് കളിക്കുന്നത്.

അതേസമയം മെസിക്കൊപ്പം കോവിഡ് പോസിറ്റിവായ മൂന്നു താരങ്ങളും നിലവിൽ ഐസൊലേഷനിൽ തുടരുകയാണ്. യുവാൻ ബെർണറ്റ്, സെർജിയോ റിക്കോ, നഥാൻ ബിട്ടുമസ്‌ല എന്നിവരാണ് മെസിക്കൊപ്പം കോവിഡ് പോസിറ്റിവായത്. ഇതിനു പുറമെ കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റിവായ ഗോൾകീപ്പർ ജിയാൻലൂയിജി ഡോണറൂമ്മയും ഐസൊലേഷനിൽ തുടരുകയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.