Football in Malayalam

ബാഴ്‌സലോണയിലേക്കുള്ള മെസിയുടെ തിരിച്ചുവരവ് അസാധ്യമായ ഒന്നല്ലെന്ന് ലപോർട്ടയുടെ ഉപദേശകൻ

Sreejith N
Messi Returning To Barcelona Not Impossibe: Enric Masip
Messi Returning To Barcelona Not Impossibe: Enric Masip / Aitor Alcalde Colomer/GettyImages
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണയിലേക്കു തിരിച്ചു വരാൻ സാധ്യതയില്ലെന്നു പറയാൻ കഴിയില്ലെന്ന് ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ടയുടെ ഉപദേശകനായ എൻറിക് മാസിപ്പ്. കഴിഞ്ഞ ദിവസം മെസിക്കു മുന്നിൽ ബാഴ്‌സലോണയുടെ വാതിൽ തുറന്നു കിടക്കുമെന്നു പരിശീലകൻ സാവി പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ട പ്രസ്‌താവനയാണെന്നും അദ്ദേഹം പറഞ്ഞു.

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസി ഫ്രാൻസിൽ സംതൃപ്‌തനല്ലെന്നും ബാഴ്‌സലോണ ടീമിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. അതിനിടയിലാണ് താൻ പരിശീലകനായിരിക്കുമ്പോൾ മെസിക്ക് ക്ലബ്ബിലേക്ക് എപ്പോൾ വേണമെങ്കിലും വരാമെന്നു സാവി അഭിപ്രായപ്പെട്ടത്.

"ഒന്നും അസാധ്യമായ കാര്യമല്ല. അസാധ്യമെന്നു കരുതുന്ന സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം." മെസിയുടെ തിരിച്ചു വരവിനെക്കുറിച്ച് മാസിപ്പ് പറഞ്ഞു. സാവി മെസിയുടെ തിരിച്ചു വരവിനെക്കുറിച്ച് പറഞ്ഞതിനോടും അദ്ദേഹം പ്രതികരിച്ചു. "സാവിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. അതങ്ങിനെ ഒരു സമ്മതപ്രകടനം ആയിരുന്നില്ല."

"താരമുണ്ടായിരുന്നത് ക്ലബിന്റെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടങ്ങളിൽ ഒന്നായിരുന്നു. എന്നാൽ കാര്യങ്ങൾ മറ്റൊരു വഴിയിലൂടെ പോവുകയും താരം പിഎസ്‌ജി പ്രോജക്റ്റ് തിരഞ്ഞെടുക്കുകയും ചെയ്‌തു. ബാഴ്‌സലോണയിൽ എന്തു തകർന്നു പോകുമെന്ന് കരുതിയോ, ആ ടീം അതിജീവിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നു." കദന എസ്ഇആറിനോട് മാസിപ്പ് പറഞ്ഞു.

എർലിങ് ഹാലൻഡിനെ ബാഴ്‌സലോണ സ്വന്തമാക്കാനുള്ള സാധ്യതകളും മാസിപ്പ് തള്ളിക്കളഞ്ഞില്ല. ബാഴ്‌സലോണക്ക് താരങ്ങളെ വാങ്ങാൻ കഴിയുമെന്നും എന്നാൽ അതിനു ടീമിലെ താരങ്ങളെ ഒഴിവാക്കേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെങ്കിലും അതിനെ മറികടക്കാനുള്ള ഫോർമുലയും പദ്ധതിയും ടീമിന്റെ കയ്യിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit