Football in Malayalam

മെസി പുതിയ കരാറൊപ്പിടുന്ന തീയതി തീരുമാനമായി, അതുവരെ താരം പരിശീലനത്തിൽ പങ്കെടുക്കില്ല

Sreejith N
FBL-ESP-LIGA-BARCELONA-CELTA
FBL-ESP-LIGA-BARCELONA-CELTA / PAU BARRENA/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക കിരീടധാരണത്തിനു ശേഷം അവധി ദിവസങ്ങൾ ആഘോഷിച്ച് കഴിഞ്ഞ ദിവസമാണ് ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തിയത്. ഇനി താരത്തിന്റെ മുന്നിലുള്ള പ്രധാന ലക്‌ഷ്യം ബാഴ്‌സയുമായി പുതിയ കരാർ ഒപ്പിടുകയാണ്. ഏറെ സങ്കീർണതകളിലൂടെ കടന്നു പോയെങ്കിലും മെസി ക്ലബുമായി പുതിയ കരാറൊപ്പിടുന്ന തീയതി തീരുമാനമായി എന്നാണു സ്‌പാനിഷ്‌ മാധ്യമം സ്‌പോർട് വെളിപ്പടുത്തുന്നത്.

ജൂലൈ ഒന്നു മുതൽ ഫ്രീ ഏജന്റായ മെസിക്ക് പുതിയ കരാർ നൽകാൻ ബാഴ്‌സലോണ നേതൃത്വം അതിനു മുൻപേ ശ്രമം തുടങ്ങിയിരുന്നു എങ്കിലും ക്ലബിന്റെ സാമ്പത്തിക സാഹചര്യങ്ങളാണ് അതിനു തടസമായത്. എന്നാൽ ബാഴ്‌സ ആരാധകരുടെ ആശങ്ക പരിഹരിച്ച് ഓഗസ്റ്റ് രണ്ടു മുതൽ നാലു വരെയുള്ള തീയതികളിൽ മെസി കരാർ പുതുക്കുമെന്നാണ് സ്‌പോർട് വ്യക്തമാക്കുന്നത്.

അതേസമയം കരാർ പുതുക്കുന്നതു വരെ മെസി ബാഴ്‌സലോണ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നേരത്തെ കരാറിൽ ധാരണയായില്ലെങ്കിലും താരം ട്രെയിനിങ് നടത്തുമെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ കരാർ ഒപ്പിട്ടതിനു ശേഷമേ അതുണ്ടാകൂവെന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

പുതിയ കരാർ ഒപ്പിടുന്നതിനു പിന്നാലെ മെഡിക്കൽ, ഫിസിക്കൽ പരിശോധനകൾ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും മെസി ട്രെയിനിങ്‌ ആരംഭിക്കുക. നിലവിൽ അഗ്യൂറോയും ബ്രസീലിയൻ താരമായ എമേഴ്‌സണും മാത്രമാണ് മെസിക്കൊപ്പം പരിശീലനത്തിന് ഉണ്ടാവുക. ടീമിലുള്ള ബാക്കി താരങ്ങൾ ജർമനിയിൽ പ്രീ സീസൺ ടൂർണമെന്റിൽ പങ്കെടുത്തു കൊണ്ടിരിക്കയാണ്.

facebooktwitterreddit