ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു നിലവാരം കുറവാണെന്നു പറഞ്ഞ എംബാപ്പെക്ക് മെസിയുടെ മറുപടി

Messi Reacts To Mbappe Comments About South American Football
Messi Reacts To Mbappe Comments About South American Football / Tim Clayton - Corbis/GettyImages
facebooktwitterreddit

ലാറ്റിനമേരിക്കൻ ടീമുകൾ ഉയർന്ന നിലവാരത്തിലുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നില്ലെന്നും അതിനാൽ ഖത്തർ ലോകകപ്പിൽ യൂറോപ്പിൽ നിന്നുള്ള ടീമുകൾക്കാണ് കൂടുതൽ സാധ്യതയെന്നും വെളിപ്പെടുത്തിയ കിലിയൻ എംബാപ്പെക്ക് മെസിയുടെ മറുപടി. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിച്ചാൽ മാത്രമേ അതെത്രത്തോളം ദുഷ്‌കരമാണെന്ന് മനസിലാവൂവെന്നാണ് മെസി പ്രതികരിച്ചത്.

ടിഎൻടി സ്പോർട്സ് ബ്രസീലിനോട് സംസാരിക്കുമ്പോഴാണ് എംബാപ്പെ ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു നിലവാരം കുറവാണെന്ന പരാമർശം നടത്തിയത്. അത് യൂറോപ്യൻ ടീമുകൾക്ക് മുൻ‌തൂക്കം നൽകുന്നുവെന്നും ഇതിനു മുൻപത്തെ ലോകകപ്പുകൾ അതിന്റെ തെളിവാണെന്നും എംബാപ്പെ പറഞ്ഞിരുന്നു. എംബാപ്പയുടെ പരാമർശത്തിനെതിരെ പ്രതികരിച്ച് നിരവധി സൗത്ത് അമേരിക്കൻ താരങ്ങളും രംഗത്തു വരികയുണ്ടായി.

"ട്രെയിനിങ്ങിനുമപ്പുറത്ത് ഞങ്ങൾ സംസാരിക്കാറുണ്ട്, പക്ഷെ ഈ കാര്യത്തിൽ അങ്ങിനെയുണ്ടായിട്ടില്ല. എംബാപ്പെ എന്താണ് പറഞ്ഞതെന്നോ എങ്ങിനെ പറഞ്ഞുവെന്നോ എനിക്കറിയില്ല. എന്നാൽ ഞങ്ങൾ ലോകകപ്പ് യോഗ്യത മത്സരങ്ങൾ കഴിഞ്ഞു വന്നതിനു ശേഷം സ്പെയിനിൽ ഉള്ളവരോട് പലപ്പോഴും അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും അവിടെ കളിച്ചാൽ ലോകകപ്പിന് യോഗ്യത നേടാനുള്ള പ്രശ്‌നത്തെ കുറിച്ചു മനസിലാകുമെന്നും പറഞ്ഞിട്ടുണ്ട്."

"സമുദ്രനിരപ്പിൽ നിന്നും ഉയരത്തിലുള്ള കൊളംബിയ, അവിടുത്തെ ചൂട്, വെനസ്വല... അവിടെയെല്ലാം വ്യത്യസ്‌തമായ സാഹചര്യം ആണുള്ളത്. അതിനു പുറമെ അവരെല്ലാം മികച്ച ദേശീയ ടീമുകൾ തന്നെയാണ്, മികച്ച താരങ്ങളും ഫുട്ബോളും അവിടെയുണ്ട്, എതിരാളികൾ ആരായാലും ഓരോ ദിവസവും കൂടുതൽ സംഭവിക്കുന്നുമുണ്ട്. ഏതു യൂറോപ്യൻ രാജ്യത്തെയും ഞങ്ങൾ നേരിടാൻ തയ്യാറാണെന്നും ഇപ്പോൾ അതിനുള്ള ഒരു അവസരം വന്നെന്നും ഞാൻ കരുതുന്നു." മെസി ടൈക് സ്പോർട്സിനോട് വ്യക്തമാക്കി.

നാളെ രാത്രി നടക്കാനിരിക്കുന്ന ഫൈനലിസമ പോരാട്ടത്തിൽ യൂറോ കപ്പ് നേടിയ ഇറ്റലിയെ നേരിടാൻ ഒരുങ്ങുകയാണ് ലയണൽ മെസിയും സംഘവും. അതിൽ വിജയിക്കാൻ കഴിഞ്ഞാൽ എംബാപ്പയുടെ വാക്കുകൾക്കതു മറുപടിയാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.