"മികച്ചൊരു എതിരാളിക്കെതിരെയുള്ള പൂർണമായ രാത്രി"- പിഎസ്ജിക്കു വേണ്ടി ആദ്യഗോൾ കുറിച്ചതിൽ പ്രതികരണവുമായി മെസി


മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം മികച്ചൊരു എതിരാളിക്കെതിരെയുള്ള പൂർണമായ രാത്രിയായിരുന്നു എന്ന് ലയണൽ മെസി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിഎസ്ജി സ്വന്തം മൈതാനത്ത് വിജയം നേടിയ മത്സരത്തിൽ ഫ്രഞ്ച് ക്ലബിനു വേണ്ടിയുള്ള ആദ്യഗോൾ കുറിക്കാനും മെസിക്കു കഴിഞ്ഞിരുന്നു. എഴുപത്തിരണ്ടാം മിനുട്ടിൽ എംബാപ്പെ നൽകിയ ബാക്ക്ഹീൽ പാസിൽ നിന്നുമാണ് മെസി ഗോൾ കണ്ടെത്തിയത്.
"മഹത്തായൊരു എതിരാളിക്കെതിരെയുള്ള സമ്പൂർണമായൊരു രാത്രിയായിരുന്നു ഇത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ബ്രൂഗേയുമായി നടന്ന മത്സരത്തിനു ശേഷം വളരെ പ്രധാനപ്പെട്ട വിജയമാണ് സ്വന്തമാക്കിയത്. ഗോൾ നേടിയതിൽ ഞാൻ സന്തോഷവാനാണ്. അടുത്ത കാലത്ത് ഞാൻ കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടില്ല. ഇവിടെ ഒരു മത്സരം മാത്രമാണു ഞാൻ കളിച്ചിരുന്നത്. ഞാൻ മെല്ലെ മെല്ലെ ഇണങ്ങിച്ചേർന്നു കൊണ്ടിരിക്കയാണ്. വിജയം തുടരുകയെന്നതാണ് ഏറ്റവും [പ്രധാനപ്പെട്ട കാര്യം." കനാൽ പ്ലസിനോട് മെസി പറഞ്ഞു.
The STAR of the night! ❤ #LionelMessi #PSGMCI https://t.co/QlT6KI6xAT
— India.com (@indiacom) September 29, 2021
"ഞങ്ങളുടെ ഒത്തിണക്കം ഓരോ മത്സരം കഴിയുമ്പോഴും മികച്ചതായി വരുന്നുണ്ട്. ഞങ്ങൾക്ക് കളിയുടെ നിലവാരമുയർത്തി ഒരുമിച്ചു മുന്നേറണം, ഇതു തുടരണം. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയ ഒരു വലിയ എതിരാളിക്കെതിരെ വളരെ പ്രധാനപ്പെട്ട മത്സരമാണ് ഞങ്ങൾ വിജയിച്ചത്. ഇനിയും ഉന്നതിയിലെത്താൻ ഞങ്ങൾ മുന്നോട്ടു പോണം, ഭാവിക്കു വേണ്ടി ഒരുപാട് കാര്യങ്ങളിൽ മെച്ചപ്പെടാനുണ്ട്." മെസി കൂട്ടിച്ചേർത്തു.
ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസി തുടർച്ചയായ പതിനേഴാമത്തെ സീസണിൽ നേടുന്ന ഗോളാണ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിറന്നത്. ഷെരിഫിനെതിരെ ഗോൾ നേടി റയൽ മാഡ്രിഡ് താരം ബെൻസിമ ഈ നേട്ടം സ്വന്തമാക്കിയതിനു പിന്നാലെയാണ് മെസിയുടെ ഗോളും വരുന്നത്. ഇതിനു പുറമെ 35 മത്സരങ്ങളിൽ 27 ഗോളുകളാക്കി ഇംഗ്ലീഷ് ക്ലബുകൾക്കെതിരായ തന്റെ ഗോൾ റെക്കോർഡ് മെച്ചപ്പെടുത്താനും മെസിക്കു കഴിഞ്ഞു.