Football in Malayalam

പത്തു വർഷത്തെ എൽ ക്ലാസിക്കോ പോരാട്ടം മായ്ച്ചു കളയുക എളുപ്പമല്ല, പിഎസ്‌ജിയിൽ മെസിയും റാമോസും തമ്മിലുള്ള ബന്ധമിങ്ങനെ

Sreejith N
Paris Saint Germain v RC Strasbourg - Ligue 1
Paris Saint Germain v RC Strasbourg - Ligue 1 / John Berry/GettyImages
facebooktwitterreddit

ഇത്തവണത്തെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലുണ്ടായ ഏറ്റവും പ്രധാന സംഭവങ്ങളിൽ ഒന്നായിരുന്നു റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും നായകന്മാർ പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിച്ചതിനു പിന്നാലെ റാമോസ് പിഎസ്‌ജിയിൽ എത്തിയപ്പോൾ സാമ്പത്തിക പ്രതിസന്ധി മൂലം ബാഴ്‌സലോണ പുതിയ കരാർ നൽകാൻ പരാജയപ്പെട്ടതാണ് മെസിയെ ഫ്രഞ്ച് ക്ലബിലെത്തിച്ചത്.

റയൽ മാഡ്രിഡിനും ബാഴ്‌സലോണക്കും വേണ്ടി നിരവധി തവണ മുഖാമുഖം വന്ന താരങ്ങൾ ഒരുമിച്ച് കളിക്കളത്തിൽ ഇറങ്ങുന്നതു കാണാൻ ആരാധകർ കാത്തിരിക്കയാണെങ്കിലും ഇതുവരെയും അതു സംഭവിച്ചിട്ടില്ല. മെസി പിഎസ്‌ജിക്കു വേണ്ടി എട്ടു മത്സരങ്ങൾ കളിച്ചെങ്കിലും കഴിഞ്ഞ സീസണിന്റെ അവസാനം റാമോസിനെ പിടികൂടിയ പരിക്ക് ഇതുവരെയും മാറിയിട്ടില്ലെന്നതാണ് ഇരുവരും ഒരുമിച്ചിറങ്ങാൻ തടസമാകുന്നത്.

അതേസമയം സ്‌പാനിഷ്‌ ഫുട്ബോളിലെ വമ്പൻ താരങ്ങളായി നിന്നിരുന്ന ഇരുവരും പിഎസ്‌ജിയിൽ വളരെ സൗഹാർദ്ദപരമായ ബന്ധമല്ല പുലർത്തുന്നതെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിഎസ്‌ജി ഡ്രസിങ് റൂമിലെ പല താരങ്ങളുമായും റാമോസിന് മികച്ച ബന്ധമുണ്ടെങ്കിലും ലയണൽ മെസിയുമായി സാധാരണ സൗഹൃദം മാത്രമേയുള്ളൂവെന്ന് ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെയെ അടിസ്ഥാനമാക്കി മാർക്ക റിപ്പോർട്ടു ചെയ്യുന്നു.

"പത്തു വർഷത്തെ ക്‌ളാസികോ അത്ര പെട്ടന്ന് മായ്ച്ചു കളയാൻ കഴിയില്ല" എന്നാണു ഇരുതാരങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോൾ പിഎസ്‌ജിയുമായി അടുത്ത വൃത്തങ്ങൾ എൽ എക്വിപ്പെയോട് പറഞ്ഞത്. ലയണൽ മെസി അർജന്റീന താരങ്ങളായ ഏഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരെഡെസ് എന്നിവരുമായും നെയ്‌മറുമായുമാണ് മികച്ച ബന്ധം ഉള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

facebooktwitterreddit