ഫ്രഞ്ച് മാധ്യമം പുറത്ത് വിട്ട മെസിയുടെ ശമ്പളക്കണക്കുകൾ തെറ്റ്; തുറന്ന് പറഞ്ഞ് പി എസ് ജിയുടെ സ്പോർട്ടിംഗ് ഡയറക്ടർ

ശനിയാഴ്ച ഫ്രഞ്ച് മാധ്യമമായ എൽ എക്വിപെ, പാരീസ് സെന്റ് ജെർമ്മനിലെ ലയണൽ മെസിയുടെ ശമ്പള വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് പുറത്ത് വിട്ടത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരുന്നു. പി എസ് ജിയുമായുള്ള മൂന്ന് വർഷ കരാറിൽ നിന്ന് മെസി 100 മില്ല്യൺ യൂറോ സമ്പാദിക്കുമെന്നായിരുന്നു ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിൽ ആദ്യത്തെ 2 വർഷങ്ങളിൽ 30 മില്ല്യൺ യൂറോ വീതവും കരാറിന്റ അവസാന വർഷം 40 മില്ല്യൺ യൂറോയും മെസിക്ക് ഫ്രഞ്ച് ക്ലബ്ബിൽ നിന്ന് ലഭിക്കുമെന്നായിരുന്നു അവർ ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാൽ ഇപ്പോളിതാ മെസിയുടെ കരാറുമായി ബന്ധപ്പെട്ട് എൽ എക്വിപെ പുറത്ത് വിട്ട റിപ്പോർട്ട് തെറ്റാണെന്ന് വ്യക്തമാക്കി പി എസ് ജിയുടെ സ്പോർട്ടിംഗ് ഡയറക്ടറായ ലിയൊണാഡോ രംഗത്തെത്തിയിരിക്കുന്നു. എൽ എക്വിപെ പ്രസിദ്ധീകരിച്ച ലേഖനത്തെ അസ്വീകാര്യമെന്ന് വിശേഷിപ്പിച്ച ലിയൊണാഡോ, ഇത് പോലൊരു പത്രത്തിന്റെ കവറിനെ അംഗീകരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും വ്യക്തമാക്കി.
എൽ എക്വിപെ പുറത്ത് വിടുന്ന, മെസിയുടെ കരാർ വിവരങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്ന ലിയൊണാഡോ, തങ്ങൾക്ക് ഈ റിപ്പോർട്ട് ഇഷ്ടപ്പെട്ടിട്ടില്ലെന്നും കരാർ ദൈർഘ്യത്തിന്റേയും, കണക്കുകളുടേയും കാര്യത്തിൽ സത്യത്തിൽ നിന്ന് വളരെ അകലെയുള്ള കാര്യങ്ങളാണ് റിപ്പോർട്ടിൽ പറയുന്നതെന്നും കൂട്ടിച്ചേർത്തു.
"ഇത് തികച്ചും തെറ്റാണ്. ഈ റിപ്പോർട്ട് ദൈർഘ്യത്തിന്റേയും സംഖ്യകളുടേയും കാര്യത്തിൽ യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. കരാറിന്റെ കാലാവധി രണ്ട് വർഷമാണ്. അതിന് നിർബന്ധിതമോ, നിർബന്ധമല്ലാത്തതോ ആയ ഓപ്ഷനില്ല (മൂന്നാം വർഷത്തിന്). ലിയൊണാഡോ പറഞ്ഞു നിർത്തി.
Messi PSG contract claims 'completely false', says sporting director Leonardo#PSG #Ligue1 https://t.co/nbYsgwsiUX
— AS English (@English_AS) September 18, 2021
അതേ സമയം ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ട്രാൻസ്ഫറിലായിരുന്നു അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെ പാരീസ് സെന്റ് ജെർമ്മൻ ടീമിലെത്തിച്ചത്. ജൂൺ അവസാനത്തോടെ ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ച മെസിക്ക് പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കിയതോടെയായിരുന്നു അദ്ദേഹം പി എസ് ജിയിലേക്ക് ചേക്കേറിയത്.