അസാധാരണ താരമാണെങ്കിലും ടീമിനുള്ളിൽ എല്ലാവരെയും പോലെ പരിഗണിക്കപ്പെടാനാണ് മെസി ഇഷ്ടപ്പെടുന്നതെന്ന് ഡി മരിയ


ലയണൽ മെസി ഈ ലോകത്തിനു പുറത്തുള്ള താരമാണ് എങ്കിലും ടീമിനുള്ളിൽ മറ്റുള്ള കളിക്കാരെപ്പോലെ തന്നെ പരിഗണന ലഭിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് സഹതാരം ഏഞ്ചൽ ഡി മരിയ. മെസി പിഎസ്ജിയിലേക്ക് ചേക്കേറിയതോടെ കരിയറിൽ ആദ്യമായി ക്ലബ് തലത്തിലും മെസിയോടൊപ്പം കളിക്കാനുള്ള അവസരം ലഭിച്ച ഡി മരിയ ടൈക് സ്പോർട്സിനോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
"ഞാനെപ്പോഴും അദ്ദേഹത്തെ ടിച്ച് (ചെറിയത്) എന്നാണു വിളിക്കുക. ആദ്യം മുതലല്ല, ഞങ്ങൾ സുഹൃത്തുക്കൾ ആയ സമയം മുതൽ ഞാൻ അങ്ങനെയാണ് വിളിക്കുക. മെസി എന്നെ നൂഡിൽ എന്നും വിളിക്കും. ഞങ്ങളിൽ ഒരുവനെപ്പോലെയാണ് മെസിയുള്ളത്, അതു തന്നെയാണ് അദ്ദേഹത്തിനും ഇഷ്ടമായ കാര്യം," ഡി മരിയ പറഞ്ഞു.
Messi is happy in Paris. https://t.co/hVIerV8ge6
— MARCA in English (@MARCAinENGLISH) September 2, 2021
"തലക്കെട്ടുകളിൽ താരത്തിന് താൽപര്യമില്ല. അതുകൊണ്ടാണ് തന്നെ തുല്യമായി പരിഗണിക്കുന്നവരോട് അതുപോലെ തന്നെ പെരുമാറാൻ താരത്തിനു കഴിയുന്നത്. നിങ്ങൾ മെസിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ സംസാരിച്ച്, ഒരുമിച്ച് ഭക്ഷണം കഴിച്ച, തമാശ പറഞ്ഞ് മുന്നോട്ടു പോകുന്നതിനു പകരം മെസിയെ ഒരു ഫുട്ബോൾ താരമായും അന്യഗ്രഹ ജീവിയായും പരിഗണിച്ചാൽ നിങ്ങൾ താരത്തിന്റെ വലയത്തിൽ നിന്നും പുറത്താണ്."
"ഞങ്ങൾ അദ്ദേഹത്തോട് തമാശ രൂപത്തിലും, മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും മെസിയെ അന്യഗ്രഹജീവിയെന്നു വിളിക്കാറുണ്ട്. എന്നാൽ അവസാനം അദ്ദേഹം ലിയോ മാത്രമാണ്. മെസിയെ 'ടിച്ച്' എന്ന രീതിയിൽ മാത്രമാണ് ഞങ്ങൾ പരിഗണിക്കുന്നത്," ഡി മരിയ വ്യക്തമാക്കി.
വെനസ്വലക്കെതിരെ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ മെസിയോടൊപ്പം ഡി മരിയയും അർജന്റീനക്കു വേണ്ടി കളത്തിലിറങ്ങിയിരുന്നു. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അർജന്റീന വെനസ്വലയെ തകർത്തത്. അടുത്ത മത്സരത്തിൽ ബ്രസീലാണ് അർജന്റീനയുടെ എതിരാളികൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.