Football in Malayalam

റെക്കോർഡുകൾ തകർത്ത് കോപ്പ അമേരിക്ക കിരീടവുമായി നിൽക്കുന്ന മെസിയുടെ ഇൻസ്റ്റഗ്രാം ചിത്രം

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

ഏറെ വർഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനം കുറിച്ചാണ് ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം ബ്രസീലിനെ തകർത്ത് അർജന്റീന സ്വന്തമാക്കിയത്. അതുകൊണ്ടു തന്നെ ആരാധകരുടെ ആവേശത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. ദേശീയ ടീമിനു വേണ്ടി മികവു കാണിക്കുന്നില്ലെന്ന നിരന്തരമായ വിമർശനങ്ങൾ ഏറ്റു വാങ്ങിയ മെസിക്ക് അർഹിച്ച അംഗീകാരം കൂടിയായിരുന്നു ഈ കിരീടനേട്ടം.

കോപ്പ അമേരിക്ക കിരീടനേട്ടത്തിനൊപ്പം ടൂർണമെന്റിലെ നിരവധി റെക്കോർഡുകൾ ഭേദിച്ച ലയണൽ മെസി ടൂർണമെന്റിനു ശേഷവും അതാവർത്തിച്ചു കൊണ്ടിരിക്കയാണ്. നേരത്തെ കളിക്കളത്തിലായിരുന്നു മെസിയുടെ റെക്കോർഡ് നേട്ടങ്ങളെങ്കിൽ ഇത്തവണ അത് സോഷ്യൽ മീഡിയയിൽ ആണെന്ന നേരിയ വ്യത്യാസമുണ്ടെന്നു മാത്രം.

കോപ്പ അമേരിക്ക നേട്ടത്തിനു ശേഷം അതിന്റെ ആഹ്ലാദം പങ്കു വെക്കാൻ മെസി കിരീടവുമായി നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്‌തതാണ്‌ ഇപ്പോൾ റെക്കോർഡുകൾ തിരുത്തിക്കുറിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ സ്വന്തമാക്കിയ സ്പോർട്ട് സംബന്ധമായ ചിത്രമെന്ന റെക്കോർഡാണ് മെസിയുടെ ഫോട്ടോ സ്വന്തമാക്കിയത്. പത്തൊൻപതു മില്യണിലധികം ലൈക്കാണ് മെസിയുടെ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

മറഡോണയുടെ മരണത്തിനു ആദരാഞ്ജലികൾ നേർന്ന് റൊണാൾഡോ പോസ്റ്റു ചെയ്‌ത ചിത്രം കൂടുതൽ ലൈക്ക് നേടിയിട്ടുണ്ടെങ്കിലും അത് സ്പോർട്സ് സംബന്ധമായ ചിത്രമായല്ല കണക്കാക്കുന്നത് എന്നതു കൊണ്ടാണ് ഈ റെക്കോർഡ് മെസിക്കു സ്വന്തമായത്. എന്നാൽ അഞ്ചു ദിവസത്തിനു മുൻപ് മാത്രം പോസ്റ്റു ചെയ്‌ത മെസിയുടെ ചിത്രം റൊണാൾഡോയുടെ പോസ്റ്റിന്റെ റെക്കോർഡും മറികടക്കുമെന്നാണ് കരുതേണ്ടത്.

നിലവിൽ ഏറ്റവുമധികം ലൈക്ക് നേടിയ ഇൻസ്റ്റാഗ്രാം ചിത്രമെന്നതിൽ ഏഴാം സ്ഥാനത്താണ് മെസിയുടെ ഫോട്ടോ ഇടം പിടിച്ചിരിക്കുന്നത്. അതേസമയം ഏറ്റവുമധികം ലൈക്ക് നേടിയ ചിത്രമെന്ന റെക്കോർഡ് അടുത്ത കാലത്തൊന്നും ഒരു സെലിബ്രിറ്റിക്കും മറികടക്കാൻ കഴിഞ്ഞേക്കില്ല. 55 മില്യണിലധികം ലൈക്ക് നേടിയ വേൾഡ് റെക്കോർഡ് എഗ്ഗ് എന്ന പേജിലെ ഒരു മുട്ടയുടെ ചിത്രത്തിനാണ് ഈ റെക്കോർഡ് സ്വന്തമായുള്ളത്.

facebooktwitterreddit