La Liga

ബാഴ്‌സലോണയുടെ സർവകാല റെക്കോർഡ് ഇനി മെസിക്ക് സ്വന്തം, ഇരട്ട ഗോളുകളോടെ ആഘോഷിച്ച് അർജന്റീനിയൻ താരം

Sreejith N
Real Sociedad v FC Barcelona - La Liga Santander
Real Sociedad v FC Barcelona - La Liga Santander / Juan Manuel Serrano Arce/Getty Images
facebooktwitterreddit

ബാഴ്‌സലോണക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ഇനി ലയണൽ മെസിക്ക് സ്വന്തം. ഇന്നലെ റയൽ സോസിഡാഡിനെതിരെ നടന്ന മത്സരത്തിലാണ് ഇതിഹാസതാരം സാവിയുടെ റെക്കോർഡിനെ മെസി മറികടന്നത്. ഇന്നലത്തോടെ ബാഴ്‌സലോണക്ക് വേണ്ടി 768 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം ഇരട്ടഗോളുകൾ നേടി റെക്കോർഡ് നേട്ടം ആഘോഷിക്കുകയും ചെയ്‌തു.

ഈ സീസണിൽ തന്നെ ലാ ലീഗയിൽ ബാഴ്‌സക്കു വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന സാവിയുടെ റെക്കോർഡ് മെസി മറികടന്നതിനു പിന്നാലെയാണ് ഈ നേട്ടവും മെസി സ്വന്തമാക്കിയത്. 768 മത്സരങ്ങൾ കളിച്ച താരം അതിൽ 537 എണ്ണത്തിൽ വിജയം നേടിയപ്പോൾ 140 മത്സരങ്ങൾ സമനിലയിലാവുകയും 91 എന്നതിൽ തോൽവി വഴങ്ങുകയും ചെയ്‌തു.

മെസി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചിട്ടുള്ളത് ലാ ലിഗയിൽ തന്നെയാണ്. 511 മത്സരങ്ങൾ സ്‌പാനിഷ്‌ ലീഗിൽ കളിച്ച താരം ചാമ്പ്യൻസ് ലീഗിൽ 149 മത്സരങ്ങളിലും കോപ്പ ഡെൽ റെയിൽ 79 മത്സരങ്ങളിലും ഇറങ്ങിയിട്ടുണ്ട്. ഇതിനു പുറമെ സ്‌പാനിഷ്‌ സൂപ്പർകപ്പിൽ 20, ക്ലബ് ലോകകപ്പിൽ അഞ്ച്, യൂറോപ്യൻ സൂപ്പർകപ്പിൽ നാല് എന്നിങ്ങനെയാണ് മെസി മത്സരങ്ങൾ പൂർത്തിയാക്കിയത്.

2005ൽ ബാഴ്‌സലോണക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മെസി തന്നെയാണ് ബാഴ്‌സലോണക്ക് വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരവും. 429 ഗോളുകളെന്ന സെസാർ റോഡ്രിഗസിന്റെ റെക്കോർഡിനെ ബഹുദൂരം പിന്നിലാക്കിയ മെസി 663 ഗോളുകളാണ് ബാഴ്‌സക്ക് വേണ്ടി നേടിയിട്ടുള്ളത്.

ഇതുകൂടാതെ ബാഴ്‌സക്ക് വേണ്ടി ഏറ്റവുമധികം കിരീടങ്ങൾ സ്വന്തമാക്കിയ താരമെന്ന റെക്കോർഡും മെസിയുടെ പേരിലാണ്. ഇതുവരെ മുപ്പത്തിനാല് കിരീടങ്ങൾ സ്വന്തമാക്കിയ താരത്തിന് ഈ സീസണിലെ ലാ ലിഗയും കോപ്പ ഡെൽ റേയും അതിനൊപ്പം കൂട്ടിച്ചേർക്കാൻ അവസരമുണ്ട്.

facebooktwitterreddit