Football in Malayalam

മെസിയുടെ ബാഴ്‌സലോണ കരാർ അവസാനിച്ചു, താരം ഇന്നു മുതൽ ഫ്രീ ഏജന്റ്

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

ആരാധകർക്ക് ആശങ്കയുടെ നിമിഷങ്ങൾ സമ്മാനിച്ച് ലയണൽ മെസിയുടെ ബാഴ്‌സലോണ കരാർ അവസാനിച്ചു. ജൂൺ 30നു കരാർ അവസാനിച്ചതോടെ മുപ്പത്തിനാലുകാരനായ താരം ഒരു ഫ്രീ ഏജന്റായി മാറുകയും ഔദ്യോഗികമായി ബാഴ്‌സയുമായുള്ള ബന്ധങ്ങൾ അവസാനിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന താരം പുതിയ കരാർ ഒപ്പിടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കാറ്റലൻ ക്ലബ്.

മെസിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ക്ലബ് നേതൃത്വവും താരത്തിന്റെ പിതാവും ഏജന്റുമായ ജോർജ് മെസിയും തമ്മിൽ ആഴ്ചകളോളമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കയാണ്. എന്നാൽ മെസിയുടെ ആവശ്യങ്ങളും ബാഴ്‌സലോണയുടെ നിലവിലെ സാമ്പത്തിക സാഹചര്യവുമാണ് പുതിയ കരാർ പൂർത്തിയാകുന്നതിൽ തടസം സൃഷ്‌ടിക്കുന്നത്‌.

കരാറിന്റെ സാമ്പത്തികവും നികുതി സംബന്ധവുമായ വശങ്ങളെ കുറിച്ചും താരത്തിന്റെ ഇമേജ് അവകാശത്തെ കുറിച്ചുമാണ് രണ്ടു പാർട്ടികളും തമ്മിൽ പ്രധാനമായും ചർച്ചകൾ നടത്തി കൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങൾക്കു പുറമെ അടുത്ത സീസണിലേക്കായി ബാഴ്‌സലോണ എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതാൻ കഴിയുന്ന ഒരു ടീമിനെ ഉണ്ടാക്കണമെന്ന ആവശ്യവും മെസി ഉന്നയിക്കുന്നുണ്ട്.

മെസിയുടെ കരാർ അവസാനിച്ചതോടെ ബാഴ്‌സലോണ താരത്തെ റീ സൈൻ ചെയ്യുകയും ലാ ലീഗയുടെ സാമ്പത്തിക നിയമങ്ങളുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പുതിയൊരു സൈനിങായി രജിസ്റ്റർ ചെയ്യുകയും വേണം. അതേസമയം താരത്തിനു പുതിയ കരാർ നൽകാൻ ബാഴ്‌സലോണ നിലവിലുള്ള വേതന ബില്ലിൽ മാറ്റം വരുത്തണമെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ് വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രീ ഏജന്റായതോടെ ഏതു ക്ലബുകൾക്കും മികച്ച ഓഫറുമായും തങ്ങളുടെ സ്പോർട്ടിങ് പ്രോജെക്റ്റുമായും മെസിയെ സമീപിക്കാൻ കഴിയും. എന്നാൽ നിലവിൽ കോപ്പ അമേരിക്കയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന താരം ടൂർണമെന്റിനു ശേഷം തന്റെ ഭാവിയുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

facebooktwitterreddit