Football in Malayalam

മെസി ട്രെയിനിങ് ഗ്രൗണ്ടിനെ അടക്കി ഭരിക്കുന്നവൻ, സഹതാരങ്ങളെ കൂടുതൽ മികച്ചതാക്കാൻ താരത്തിനു കഴിഞ്ഞുവെന്ന് കൂമാൻ

Sreejith N
FC Barcelona Training Session
FC Barcelona Training Session / Fran Santiago/Getty Images
facebooktwitterreddit

ട്രെയിനിങ് മൈതാനത്ത് പൂർണമായും ആധിപത്യം പുലർത്തി, അവിടെയുള്ള മത്സരങ്ങളിൽ വിജയം നേടിയില്ലെങ്കിൽ പോലും രോഷാകുലനാകുന്ന താരമാണ് ലയണൽ മെസിയെന്നു ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ്‌ കൂമാൻ. കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്കു ചേക്കേറിയ താരത്തെ പരിശീലിപ്പിച്ചതിന്റെ അനുഭവങ്ങൾ ചോദിച്ചപ്പോഴാണ് കൂമാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

"ലയണൽ മെസി എല്ലാ പ്രശ്‌നങ്ങളെയും മറച്ചു. താരം വളരെ മികച്ചതായതു കൊണ്ട് എല്ലാറ്റിലും വിജയിച്ചു. തീർച്ചയായും മികച്ച താരങ്ങൾ ചുറ്റുമുണ്ടായിരുന്നു, എന്നാൽ അദ്ദേഹമാണ് എല്ലാറ്റിലും വ്യത്യാസം വരുത്തിയത്. അദ്ദേഹം ഒപ്പമുള്ളപ്പോൾ എല്ലാ താരങ്ങളും അവരുടെ കഴിവിനേക്കാൾ മികച്ചവരായി തോന്നി. ഇതൊരു വിമർശനമല്ല, നിരീക്ഷണമാണ്," സുദീർഘമായ അഭിമുഖത്തിൽ വോട്ബോൾ ഇന്റർനാഷനലിനോട് കൂമാൻ പറഞ്ഞു.

"മെസി വളരെ മികച്ചവനാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ, അതെല്ലാ ദിവസവും അടുത്ത് കാണുന്നത് ഇപ്പോഴും സന്തോഷകരമാണ്. ഒരു ഫുട്ബോൾ കളിക്കാരനെ പഠിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം - സാഹചര്യങ്ങൾ തിരിച്ചറിയുന്നത്, സമ്മർദ്ദത്തിലാകുമ്പോഴും പന്തെടുക്കുന്നത്, ബോളിന്റെ വേഗത, ഫിനിഷിങ് എല്ലാം മെസിക്ക് പത്തിൽ പത്താണ്. അദ്ദേഹം അസാധാരണ കളിക്കാരനാണ്."

"ട്രെയിനിങിനിടയിൽ ഞങ്ങൾ ഫിനിഷിങ് പ്രാക്റ്റീസ് നടത്തുന്ന സമയത്ത് ചില താരങ്ങൾ കളിപ്പിക്കുന്നതിനായി എളുപ്പമുള്ള ബോളുകൾ അടിച്ചു തുടങ്ങും. എന്നാൽ മെസിയെ സംബന്ധിച്ച് എല്ലാം ബൂം ബൂം ബൂം എന്നാണ്. എല്ലാം താരത്തിന് കൃത്യമായി നടക്കും. അതുപോലെ തന്നെ എല്ലാം വിജയിക്കാനും ആഗ്രഹമുണ്ട്."

"ട്രെയിനിങ്ങിനു മുൻപ് ഞങ്ങളെപ്പോഴും റോണ്ടോ കളിക്കാറുണ്ട്. അതിൽ പന്ത് ഇരുപതു തവണ ചുറ്റിക്കറങ്ങിയാൽ നടുവിലുള്ള കളിക്കാർക്ക് ഒരു തവണ കൂടി അതെ നിലയിൽ തുടരണം. അങ്ങിനെ തുടർച്ചയായി മൂന്നു തവണ സംഭവിച്ചാൽ താരങ്ങൾ രണ്ടു ലൈൻ സൃഷ്‌ടിക്കുകയും നടുവിലുണ്ടായിരുന്ന കളിക്കാരെ അതിനിടയിലൂടെ വിട്ട് അവരുടെ തലയിൽ തട്ടുന്നതു പോലെയുള്ള കാര്യങ്ങൾ ചെയ്യുകയും ചെയ്യും."

"മെസിയോട് ഒരിക്കൽ ഞാൻ എപ്പോഴെങ്കിലും അങ്ങിനെ സംഭവിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. 'ഉണ്ട്, ഒരു പ്രാവശ്യം' എന്നായിരുന്നു താരത്തിന്റെ മറുപടി. താരമുള്ളപ്പോൾ മുതിർന്ന കളിക്കാർ ഒരിക്കൽ പോലും യുവതാരങ്ങളോട് പരിശീലനത്തിൽ തോറ്റിട്ടില്ല. ഒരിക്കൽ അതു സംഭവിച്ചപ്പോൾ മെസി ഒരാഴ്ചത്തേക്ക് ദേഷ്യം പിടിക്കുകയും ചെയ്‌തു. ശെരിക്കും അദ്ദേഹം എല്ലാവരെയും ഭരിക്കുന്നവനായിരുന്നു," കൂമാൻ വ്യക്തമാക്കി.


facebooktwitterreddit