2021ലെ ഐഎഫ്എഫ്എച്ച്എസ് ബെസ്റ്റ് പ്ലേമേക്കർ അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട് ലയണൽ മെസി


ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ (ഐഎഫ്എഫ്എച്ച്എസ്) 2021ലെ ബെസ്റ്റ് പ്ലേമേക്കർ അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട് ലയണൽ മെസി. ഭൂരിഭാഗവും മധ്യനിര താരങ്ങളുള്ള ലിസ്റ്റിൽ മെസി ഉൾപ്പെടെ വളരെ ചുരുക്കം ചില മുന്നേറ്റനിര താരങ്ങൾ മാത്രമാണ് അവാർഡിനായി നാമനിർദ്ദേശം നേടിയിരിക്കുന്നത്.
മധ്യനിര താരങ്ങൾക്ക് പ്രധാനമായും ലഭിക്കുന്ന ഈ അവാർഡ് ഇതിനു മുൻപ് നാലു തവണയാണ് മെസി സ്വന്തമാക്കിയിട്ടുള്ളത്. മുന്നേറ്റനിരയിലാണ് കളിക്കുന്നതെങ്കിലും മധ്യനിരയിലേക്ക് ഇറങ്ങിവന്ന് കളി മുഴുവൻ നിയന്ത്രിക്കാനും ടീമിന്റെ മുഴുവൻ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കാനുമുള്ള താരത്തിന്റെ കഴിവാണ് ഈ അവാർഡ് നേടുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ ബാഴ്സലോണക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനവും അർജന്റീനക്കൊപ്പം കോപ്പ അമേരിക്കയിൽ ഏറ്റവുമധികം ഗോളുകളും അസിസ്റ്റുകളും സ്വന്തമാക്കി ടീമിനെ കിരീടത്തിലേക്ക് നയിച്ചതുമെല്ലാമാണ് മെസിക്ക് നാമനിർദ്ദേശം ലഭിക്കുന്നതിനു കാരണമായത്. എന്നാൽ ഈ സീസണിൽ പിഎസ്ജിയിലേക്ക് മാറിയതോടെ പ്ലേമേക്കർ റോൾ നഷ്ടമായ മെസിയുടെ മോശം ഫോം ഇത്തവണ അവാർഡ് ഉറപ്പിക്കുന്നതിൽ നിന്നും താരത്തെ തടയുന്നു.
ഐഎഫ്എഫ്എച്ച്എസ് മെൻസ് വേൾഡ് ബെസ്റ്റ് പ്ലേമേക്കർ 2021 അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ട താരങ്ങൾ:
1. ലയണൽ മെസി (അർജന്റീന, ബാഴ്സലോണ/പിഎസ്ജി)
2. പെഡ്രി (സ്പെയിൻ, ബാഴ്സലോണ)
3. കെവിൻ ഡി ബ്രൂയ്ൻ (ബെൽജിയം, മാഞ്ചസ്റ്റർ സിറ്റി)
4. ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ, റയൽ മാഡ്രിഡ്)
5. പിയറെ എമിൽ ഹൊബെർഗ് (ഡെന്മാർക്ക്, ടോട്ടനം)
6. മെസൺ മൗണ്ട് (ഇംഗ്ലണ്ട്, ചെൽസി)
7. സെർജിയോ ഒലിവേര (പോർച്ചുഗൽ, പോർട്ടോ)
8. ബ്രൂണോ ഫെർണാണ്ടസ് (പോർച്ചുഗൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്)
9. നിക്കോളോ ബാരെല്ല (ഇറ്റലി, ഇന്റർ മിലാൻ)
10. ടക്കെഫുസ കുബോ (ജപ്പാൻ, മയോർക്ക/റയൽ മാഡ്രിഡ്)
11. തോമസ് മുള്ളർ (ജർമനി, ബയേൺ മ്യൂണിക്ക്)
12. റിയാദ് മഹ്റേസ് (അൾജീരിയ, മാഞ്ചസ്റ്റർ സിറ്റി)
13. ജിയോവാനി റെയ്ന (അമേരിക്ക, ബൊറൂസിയ ഡോർട്മുണ്ട്)
14. ഫിൽ ഫോഡൻ (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ സിറ്റി)
15. ജോർജിന്യോ (ഇറ്റലി, ചെൽസി)