അർജന്റീനയുടെ ഏറ്റവും മൂല്യമേറിയ താരങ്ങളിൽ മെസി രണ്ടാം സ്ഥാനത്ത്


തന്റെ കരിയറിന്റെ ഭൂരിഭാഗം സമയത്തും അർജന്റീനയുടെ ഏറ്റവും മൂല്യമേറിയ താരമായിരുന്നു ലയണൽ മെസി. എന്നാൽ 2022-23 സീസൺ ആരംഭിക്കാനിരിക്കെ ലയണൽ മെസിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്റർ മിലാന്റെ മുന്നേറ്റനിര താരമായ ലൗടാരോ മാർട്ടിനസ് അർജന്റീനയിലെ ഏറ്റവും മൂല്യമേറിയ താരമായി മാറിയിരിക്കയാണ്.
ട്രാൻസ്ഫർ മാർക്കറ്റിന്റെ കണക്കുകൾ അനുസരിച്ച് ബോളവിപ് ആണ് അർജന്റീനയിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടിക പുറത്തു വിട്ടത്. എഴുപത്തിയഞ്ച് മില്യൺ യൂറോ മൂല്യത്തോടെ ഇരുപത്തിനാലു വയസുള്ള ലൗടാരോ മാർട്ടിനസ് ഒന്നാമത് നിൽക്കുമ്പോൾ മുപ്പത്തിയഞ്ചു വയസുള്ള മെസി 50 മില്യൺ യൂറോ മൂല്യവുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.
2018ൽ അർജന്റീനിയൻ ക്ലബായ റേസിങ്ങിൽ നിന്നും 22 മില്യൺ പൗണ്ടിലധികം നൽകിയാണ് ലൗടാരോ മാർട്ടിനസിനെ ഇന്റർ മിലാൻ സ്വന്തമാക്കിയത്. പിന്നീട് ടീമിലെ പ്രധാന താരമായി മാറിയ ലൗടാരോ 179 മത്സരങ്ങളിൽ നിന്നും 74 ഗോളുകളും 24 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. അർജന്റീന ടീമിനു വേണ്ടിയും മികച്ച പ്രകടനമാണ് മാർട്ടിനസ് നടത്തുന്നത്.
അർജന്റീന ടീമിലെ മൂല്യമേറിയ പത്ത് താരങ്ങൾ:
1. ലൗടാരോ മാർട്ടിനസ് (25 വയസ്) - 75 മില്യൺ യൂറോ
2. ലയണൽ മെസി (35 വയസ്) - 50 മില്യൺ യൂറോ
3. ക്രിസ്റ്റ്യൻ റൊമേരോ (24 വയസ്) - 48 മില്യൺ യൂറോ
4. റോഡ്രിഗോ ഡി പോൾ (28 വയസ്) - 40 മില്യൺ യൂറോ
5. പൗളോ ഡിബാല (28 വയസ്) - 35 മില്യൺ യൂറോ
6. ലിസാൻഡ്രോ മാർട്ടിനസ് (24 വയസ്) - 32 മില്യൺ യൂറോ
7. എമിലിയാനോ മാർട്ടിനസ് (29 വയസ്) - 28 മില്യൺ യൂറോ
8. ഗുയ്ഡോ റോഡ്രിഗസ് (28 വയസ്) - 25 മില്ല്യൺ യൂറോ
9. യുവാൻ ഫോയ്ത്ത് (24 വയസ്) - 25 മില്യൺ യൂറോ
10. നിക്കോളാസ് ഗോൺസാലസ് (24 വയസ്) - 25 മില്യൺ യൂറോ
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.