മെസിയെ പിഎസ്ജി സ്വന്തമാക്കിയതോടെ വമ്പൻ കുതിപ്പുമായി ഫ്രഞ്ച് ലീഗ്, കാഴ്ച്ചക്കാർ ഉയർന്നത് എഴുപത്തഞ്ച് ശതമാനത്തിലധികം


ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസിയെ പിഎസ്ജി ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയതോടെ ആഗോള തലത്തിൽ ഫ്രഞ്ച് ലീഗിന് വമ്പൻ കുതിപ്പ്. ഫ്രാൻസിലെത്തിയതിനു ശേഷം ഇതുവരെയും മികച്ച പ്രകടനം പുറത്തെടുക്കാൻ മെസിക്ക് കഴിഞ്ഞിട്ടില്ലെങ്കിലും കളിക്കളത്തിനു പുറത്ത് മറ്റൊരു തരത്തിൽ പ്രഭാവം സൃഷ്ടിക്കാൻ അർജന്റീനിയൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്.
ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയെ അടിസ്ഥാനമാക്കി മാർക്ക പുറത്തു വിട്ട റിപ്പോർട്ടു പ്രകാരം ലയണൽ മെസി പിഎസ്ജിയിൽ എത്തിയതിനു ശേഷം ആഗോളതലത്തിൽ തന്നെ 50 ബ്രോഡ്കാസ്റ്റിങ് കരാറുകൾ ഫ്രഞ്ച് ലീഗുമായി ബന്ധപ്പെട്ട് ബീയിൻ സ്പോർട്സ് ഒപ്പിട്ടു കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് ഇരുനൂറു രാജ്യങ്ങളിലാണ് ഇപ്പോൾ ഫ്രഞ്ച് ലീഗ് സംപ്രേഷണം ചെയ്യുന്നത്.
വിദേശങ്ങളിൽ ലീഗ് വൺ മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ ഏതാണ്ട് 75 മില്യൺ യൂറോയാണ് ബീയിൻ സ്പോർട്സ് ഫ്രഞ്ച് ലീഗിനു നൽകിയിരിക്കുന്നത്. മെസിയുടെ ട്രാൻസ്ഫറിനു ശേഷം 2021 മുതൽ 2024 വരെയുള്ള സമയത്തേക്കായി ബെൽജിയം, ഇന്ത്യ, വിയറ്റ്നാം, സ്വീഡൻ, നോർവേ, സ്പെയിൻ എന്നീ രാജ്യങ്ങൾക്കു പുറമെ ട്വിച്ചുമായും ബീയിൻ സ്പോർട് പുതിയ കരാർ ഒപ്പിട്ടിട്ടുണ്ട്.
നിലവിലുള്ള കണക്കുകൾ പ്രകാരം പിഎസ്ജിയും മാഴ്സയും തമ്മിൽ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ നോർത്ത് ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ കണക്കുകൾ നോക്കുമ്പോൾ പ്രേക്ഷകരിൽ എഴുപത്തിയാറു ശതമാനം വർധനവാണ് കാണുന്നത്. ഇത് അർജന്റീന താരത്തിന്റെ സാന്നിധ്യം കൊണ്ടാണെന്നതിൽ യാതൊരു സംശയവുമില്ല.
അതേസമയം ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു ശേഷം ലയണൽ മെസി ഫ്രാൻസിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ടീമിനൊപ്പം ട്രെയിനിങ് പുനരാരംഭിച്ചിട്ടില്ലാത്ത താരം അടുത്ത മത്സരത്തിൽ കളിക്കാനുള്ള സാധ്യത കുറവാണ്.