എസ്റ്റോണിയക്കെതിരായ അഞ്ചു ഗോൾ പ്രകടനത്തിനു ശേഷം ആരാധകർക്ക് സന്ദേശവുമായി ലയണൽ മെസി
By Sreejith N

എസ്റ്റോണിയക്കെതിരെ നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തിലെ മിന്നുന്ന പ്രകടനത്തിനു ശേഷം ആരാധകർക്ക് സന്ദേശവുമായി ലയണൽ മെസി. മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം അർജന്റീന നേടിയപ്പോൾ അഞ്ചു ഗോളും സ്വന്തമാക്കിയ മെസി ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകർക്ക് സന്ദേശം നൽകിയത്.
എസ്റ്റോണിയക്കെതിരായ മത്സരത്തോടെ അർജന്റീനയുടെ മത്സരങ്ങൾ താൽക്കാലികമായി അവസാനിച്ചിട്ടുണ്ട്. ക്ലബ് സീസണു ശേഷം രണ്ടു മത്സരങ്ങളാണ് അർജന്റീന കളിച്ചത്. ഇറ്റലിക്കെതിരെ നടന്ന ഫിനലിസിമ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കിയ അർജന്റീന അതിനു ശേഷം എസ്റ്റോണിയക്കെതിരെ അഞ്ചു ഗോളിന്റെ വിജയവും നേടി ഒഴിവുദിവസങ്ങൾക്കായി പിരിയുകയാണ്.
"സീസൺ ഇതിനേക്കാൾ മികച്ച രീതിയിൽ അവസാനിപ്പിക്കാനില്ല. ഫൈനലിസിമ വിജയിക്കുകയും കൂടുതൽ മിനുട്ടുകൾ ലോകകപ്പ് തയ്യാറെടുപ്പിനായി ലഭിക്കുകയും ചെയ്‌തു. മൈതാനത്ത് എത്തിയവർക്കും ഞങ്ങളെ വിദൂരമായി നിന്ന് പിന്തുണക്കുന്ന ആളുകൾക്കും നന്ദി പറയുന്നു. ഞങ്ങൾ ഏതാനും ദിവസത്തേക്ക് ഒരു ഇടവേളയെടുക്കുന്നു, ഉടനെ തന്നെ തിരിച്ചു വരും. എല്ലാവർക്കും ആലിംഗനം." മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
എസ്റ്റോണിയക്കെതിരായ വിജയത്തോടെ അർജന്റീനയുടെ അപരാജിത കുതിപ്പ് 33 മത്സരങ്ങളായി വർധിച്ചിട്ടുണ്ട്. 2019 കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോട് തോറ്റതിനു ശേഷം പിന്നീടൊരു മത്സരത്തിലും അർജന്റീന പരാജയം അറിഞ്ഞിട്ടില്ല. 35 മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കിയ ബ്രസീൽ, സ്പെയിൻ ടീമുകളും 37 മത്സരങ്ങളുടെ അപരാജിത കുതിപ്പുള്ള ഇറ്റലിയും മാത്രമാണ് ഇനി അർജന്റീനയ്ക്കു മുന്നിലുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.