റീംസിനെതിരായ പിഎസ്ജി സ്ക്വാഡിൽ ലയണൽ മെസ്സിയും കെയ്ലിൻ എംബാപ്പെയും നെയ്മറും


ആരാധകർ കാത്തിരിക്കുന്ന ലയണൽ മെസിയുടെ പിഎസ്ജി അരങ്ങേറ്റം ഇന്നു റീംസിനെതിരായ മത്സരത്തിൽ നടക്കാനിരിക്കെ ടീം സ്ക്വാഡ് പ്രഖ്യാപിച്ച് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ശക്തമായ അഭ്യൂഹങ്ങൾ നിലനിന്നിരുന്ന കെയ്ലിയൻ എംബാപ്പെ, ബ്രസീലിയൻ സൂപ്പർതാരം നെയ്മർ എന്നിവരെയും മെസിക്കൊപ്പം ഉൾപ്പെടുത്തി അതിശക്തമായ സ്ക്വാഡാണ് പിഎസ്ജി പ്രഖ്യാപിച്ചിരിക്കുന്നത്.
കരാർ നൽകാൻ കഴിയില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയതു കൊണ്ട് മെസി പിഎസ്ജിയിലേക്ക് ചേക്കേറിയതു മുതൽ താരത്തിന്റെ അരങ്ങേറ്റത്തിനായി ആരാധകർ ആവേശപൂർവം കാത്തിരിക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തിലും അരങ്ങേറ്റം നടത്തിയില്ലെങ്കിൽ മെസി പിഎസ്ജിയിൽ കളിക്കുന്നതു കാണാൻ ഇന്റർനാഷണൽ ബ്രേക്ക് കഴിയുന്നതു വരെ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കകൾക്കിടെയാണ് താരത്തെ ഉൾപ്പെടുത്തി പോച്ചട്ടിനോ ടീം പ്രഖ്യാപിച്ചത്.
? A group of 22 players are in the squad for the trip to Reims ?#SDRPSG pic.twitter.com/8PONgR8rH2
— Paris Saint-Germain (@PSG_English) August 29, 2021
മെസി പിഎസ്ജിയിൽ എത്തിയതോടെ മെസി, നെയ്മർ, എംബാപ്പെ എന്നിവരടങ്ങുന്ന മുന്നേറ്റനിര കളത്തിലിറങ്ങാനും ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇതിനിടയിൽ എംബാപ്പയുടെ റയൽ മാഡ്രിഡ് അഭ്യൂഹങ്ങൾ ശക്തമായതോടെ ഈ സഖ്യത്തെ ഒരുമിച്ച് കളിക്കളത്തിൽ കാണാൻ കഴിയില്ലെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിലുള്ള ടീമിൽ എംബാപ്പെ ഉൾപ്പെട്ടതോടെ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ കൂടിയാണ് മങ്ങുന്നത്.
ഈ മൂന്നു താരങ്ങൾക്കു പുറമെ കെയ്ലർ നവാസ്, ഹക്കിമി, മാർക്വിന്യോസ്, വെറാറ്റി, പരഡെസ്, ഡി മരിയ, ഡോണറുമ്മ, വൈനാൾഡാം, തുടങ്ങിയ പ്രധാന കളിക്കാരും ടീമിൽ ഉൾപ്പെട്ടപ്പോൾ പരിക്കു മൂലം ഇകാർഡിയും റാമോസും പുറത്താണ്. ഇന്ത്യൻ സമയം ഇന്നു രാത്രി 12.15നുള്ള മത്സരം ഇന്ത്യയിൽ Vh1 ചാനലിൽ ടെലികാസ്റ്റ് ചെയ്യും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.