Football in Malayalam

എതിരാളികളുടെ മൈതാനത്ത് മെസിക്കു വേണ്ടി ആർത്തു വിളിച്ചത് പതിനായിരങ്ങൾ, ചരിത്രമെഴുതി അർജന്റീന താരത്തിന്റെ അരങ്ങേറ്റം

Sreejith N
Stade de Reims v Paris Saint Germain - Ligue 1
Stade de Reims v Paris Saint Germain - Ligue 1 / John Berry/Getty Images
facebooktwitterreddit

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസിയുടെ പിഎസ്‌ജി അരങ്ങേറ്റത്തിൽ ആവേശക്കടലായി എതിരാളികളായ റീംസിന്റെ മൈതാനം. മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടിൽ നെയ്‌മർക്ക് പകരക്കാരനായി മെസി കളത്തിലിറങ്ങിയപ്പോൾ പിഎസ്‌ജിയുടെ എതിരാളികളായ റീംസിന്റെ മൈതാനത്ത് കാണികളായി ഉണ്ടായിരുന്ന പതിനായിരങ്ങളാണ് താരത്തിനു വേണ്ടി ആവേശപൂർവം ആർത്തു വിളിച്ചത്.

ബാഴ്‌സലോണയിൽ പ്രൊഫെഷണൽ കരിയർ ആരംഭിച്ച മെസി അതിനു ശേഷം ആദ്യമായാണ് മറ്റൊരു ക്ലബിന്റെ ജേഴ്‌സിയണിഞ്ഞ് കളിക്കളത്തിൽ ഇറങ്ങുന്നതെന്ന പ്രത്യേകത കൂടി ഈ അരങ്ങേറ്റത്തിന് ഉണ്ടായിരുന്നു. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ കാരണം താരത്തിന് പുതിയ കരാർ നൽകാൻ ബാഴ്‌സലോണക്ക് കഴിയാത്തതിരുന്നതിനെ തുടർന്നാണ് മെസി ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറിയത്.

മുപ്പതു മിനുട്ടോളം കളത്തിലുണ്ടായിരുന്ന താരത്തിന് അരങ്ങേറ്റത്തിൽ ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് കാഴ്‌ച വെച്ചത്. മധ്യനിരയിൽ നിന്നും കളി മെനയുന്ന തന്റെ സ്വാഭാവികമായ ശൈലിയിൽ കളിച്ച മെസി എതിർ പ്രതിരോധത്തെ കീറി മുറിക്കുന്ന ഏതാനും മുന്നേറ്റങ്ങൾ കാഴ്‌ച വെച്ചതിനൊപ്പം എംബാപ്പെക്ക് നല്ലൊരു ഗോളവസരം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു.

ബാഴ്‌സലോണയിൽ നിന്നും വ്യത്യസ്തമായ ശൈലിയാണു പിഎസ്‌ജിയുടേത് എന്നതിനാൽ ടീമുമായി ഇണങ്ങിച്ചേർന്നാൽ താരത്തിന്റെ പ്രതിഭ വീണ്ടും ആരാധകർക്ക് കണ്ടു തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷ ഇന്നലത്തെ മത്സരം നൽകിയിരുന്നു. ഇനി ഇന്റർനാഷണൽ ബ്രേക്കിനു ശേഷമായിരിക്കും മെസി പിഎസ്‌ജിക്കു വേണ്ടി കളിക്കളത്തിലിറങ്ങുക.

അതേസമയം നെയ്‌മർക്കു പകരമാണ് മെസി മത്സരത്തിൽ ഇറങ്ങിയത് എന്നതിനാൽ ആരാധകർ കാത്തിരുന്ന നെയ്‌മർ, എംബാപ്പെ, മെസി സഖ്യത്തിന്റെ ഒരുമിച്ചുള്ള പ്രകടനം ആരാധകർക്ക് ഇന്നലെ കാണാൻ കഴിഞ്ഞില്ല. എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ മങ്ങിയതോടെ അടുത്ത മത്സരത്തിൽ പിഎസ്‌ജിയുടെ മൈതാനത്ത് ഈ മൂന്നു താരങ്ങളും ഒരുമിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit