പിഎസ്ജിയിലെ ഭാവിയെന്ത്, തീരുമാനമെടുത്ത് ലയണൽ മെസി


ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് തോറ്റ് പിഎസ്ജി പുറത്തായതിനു ശേഷം ലയണൽ മെസിയുടെ ക്ലബിലെ ഭാവിയെ സംബന്ധിച്ച് ഒരുപാട് ചർച്ചകൾ ഉയർന്നു വരുന്നുണ്ട്. അതിനു ശേഷമുള്ള മത്സരത്തിൽ ലയണൽ മെസിയടക്കമുള്ള താരങ്ങളെ പിഎസ്ജി ആരാധകർ കൂക്കിവിളിച്ചതോടെ താരം പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയും ചെയ്തു.
ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ സീസണിൽ ഒരുപാട് തിരിച്ചടികൾ നേരിട്ടുവെങ്കിലും ക്ലബ് വിടുന്നതിനെക്കുറിച്ച് ലയണൽ മെസി ചിന്തിക്കുന്നില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത സീസണിലും ഫ്രഞ്ച് ക്ലബിനൊപ്പം തന്നെ തുടരാനാണ് മെസിയുടെ തീരുമാനമെന്ന് ആർഎംസി സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.
ഒരു വർഷത്തേക്കു കൂടി നീട്ടാൻ കഴിയുന്ന രണ്ടു വർഷത്തെ കരാറിൽ പിഎസ്ജിയിൽ എത്തിയ ലയണൽ മെസി രണ്ടു വർഷത്തെ കരാര് അവസാനിക്കുന്നതു വരെ പിഎസ്ജിയിൽ തുടരാൻ തന്നെയാണ് ഒരുങ്ങുന്നത്. ഫ്രഞ്ച് ക്ലബിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുകയെന്ന ലക്ഷ്യം മെസിക്കുമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം ആരാധകർ തനിക്കെതിരെ ഉയർത്തുന്ന വിമർശനങ്ങളിൽ മെസിക്ക് യാതൊരു അത്ഭുതവുമില്ല. സൂപ്പർ താരങ്ങൾ നിറഞ്ഞ ടീം മോശം പ്രകടനം നടത്തുമ്പോഴുള്ള സ്വാഭാവികമായ പ്രതികരണമായാണ് മെസി അതിനെ കാണുന്നതെന്നും അതിനെ മറികടക്കാനുള്ള ശ്രമം താരം നടത്തുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ സീസണിലിനി ഫ്രഞ്ച് ലീഗ് കിരീടം മാത്രമാണ് സാധ്യത ഉള്ളതെങ്കിലും അടുത്ത സീസണിൽ പോരായ്മകൾ പരിഹരിച്ച് മുന്നോട്ടു പോകാൻ കഴിയുമെന്നാണ് മെസി കരുതുന്നത്. ലീഗിൽ മൊണാക്കോയുമായാണ് പിഎസ്ജിയുടെ അടുത്ത മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.