Football in Malayalam

ബ്രസീലിലും മെസി തരംഗം, ബാലൺ ഡി ഓർ അർജന്റീന നായകൻ നേടുമെന്ന് ബ്രസീലിലെ ആരാധകർ

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക കിരീടം അർജന്റീനക്കൊപ്പം സ്വന്തമാക്കുകയും ടൂർണമെന്റിലെ ടോപ് സ്‌കോറർ, മികച്ച താരം എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്‌തതോടെ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം മെസിക്ക് തന്നെ ലഭിക്കുമെന്ന രീതിയിലുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബ്രസീലിൽ നടത്തിയ ഒരു സർവേയിലും അർജന്റീനിയൻ താരം ബാലൺ ഡി ഓർ സ്വന്തമാക്കുമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

നേരത്തെ ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ എൻഗോളോ കാന്റയുടെ പേരാണ് ബാലൺ ഡി ഓറിനായി ഉയർന്നു കേട്ടതെങ്കിലും അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയതോടെ അതു മാറി മറിയുകയായിരുന്നു. ബ്രസീലിലെ പ്രധാന മാധ്യമമായ ഗ്ലോബോഎസ്‌പോർടെ നടത്തിയ സർവേയിലാണ് മെസി തന്നെ ഏഴാം തവണയും ബാലൺ ഡി ഓർ കിരീടം നേടുമെന്ന് ബ്രസീലിലെ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്.

സർവേയിൽ പങ്കെടുത്ത മുപ്പത്തിനാല് ശതമാനത്തിലധികം പേരാണ് മെസി തന്നെയാണ് ബാലൺ ഡി ഓർ അർഹിക്കുന്നതെന്നു വ്യക്തമാക്കിയത്. രണ്ടാമതെത്തിയ കാന്റക്ക് 17 ശതമാനത്തിലധികം വോട്ടു ലഭിച്ചപ്പോൾ 13 ശതമാനത്തിലധികം പേർ പിന്തുണച്ച റൊണാൾഡോയാണ് മൂന്നാം സ്ഥാനത്ത്. അതേസമയം ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ, കോപ്പ അമേരിക്ക ഫൈനൽ എന്നിവയിലേക്ക് സ്വന്തം ടീമിനെ നയിച്ച ബ്രസീലിയൻ താരം നെയ്‌മർ നാലാം സ്ഥാനത്താണ്.

ചാമ്പ്യൻസ് ലീഗ്, യൂറോ കപ്പ് എന്നീ കിരീടങ്ങൾ സ്വന്തമാക്കിയ ജോർജിന്യോക്ക് ബാലൺ ഡി ഓർ നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്നുണ്ടെങ്കിലും ബ്രസീലിൽ വെച്ചു നടന്ന സർവേയിൽ താരം പത്തു ശതമാനത്തിലധികം വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തുണ്ട്. മറ്റൊരു പ്രധാന മത്സരാർത്ഥിയായ റോബർട്ട് ലെവൻഡോസ്‌കിക്ക് ഏഴാം സ്ഥാനം കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു.

ഗ്ലോബെസ്പോർട്ടിന്റെ ബാലൺ ഡി ഓർ സർവേ ഫലം:

1. ലയണൽ മെസി (അർജന്റീന, ബാഴ്‌സലോണ) - 34.15% വോട്ടുകൾ

2. എൻഗോളോ കാന്റെ (ഫ്രാൻസ്, ചെൽസി) - 17.16% വോട്ടുകൾ

3. ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ, യുവന്റസ്) - 13.24%

4. നെയ്‌മർ (ബ്രസീൽ, പിഎസ്‌ജി) - 12.98%

5. ജോർജിന്യോ (ഇറ്റലി, ചെൽസി) - 10.93%

6. കെവിൻ ഡി ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി, ബെൽജിയം) - 4.44%

7. റോബർട്ട് ലെവൻഡോസ്‌കി (ബയേൺ മ്യൂണിക്ക്, പോളണ്ട്) - 2.46%

8. ജിയാൻലൂയിജി ഡോണറുമ്മാ (ഇറ്റലി, എസി മിലാൻ) - 1.58%

9. കെയ്‌ലിൻ എംബാപ്പെ (ഫ്രാൻസ്, പിഎസ്‌ജി) - 1.05%

10. ഹാരി കേൻ (ഇംഗ്ലണ്ട്, ടോട്ടനം) - 0.76%

facebooktwitterreddit