ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെങ്കിലും മെസി ടീമിനുള്ളിൽ കൂട്ടത്തിലൊരാൾ മാത്രമാണെന്ന് ഒകമ്പോസ്


ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണെങ്കിലും ലയണൽ മെസിക്ക് വളരെയധികം എളിമയുണ്ടെന്നും ടീമിനുള്ളിൽ കൂട്ടത്തിൽ ഒരാളായാണ് താരം എപ്പോഴും പെരുമാറുകയെന്നും അർജന്റീന ടീമിലെ സഹതാരമായ ലൂക്കാസ് ഒകമ്പോസ്. പ്രമുഖ കായിക മാധ്യമമായ ഗോളിനോട് സംസാരിക്കുമ്പോഴാണ് ആറു തവണ ബാലൺ ഡി ഓർ നേടിയ ഒരേയൊരു താരമായ മെസിയുടെ വ്യക്തിത്വത്തെക്കുറിച്ച് ഒകമ്പോസ് സംസാരിച്ചത്.
"വളരെ സാധാരണക്കാരനായ വ്യക്തിയാണ് മെസി. നിങ്ങൾ ടിവി ക്യാമറകളിലും മൈതാനത്തും കാണുന്നതു പോലെ തന്നെയാണ് അദ്ദേഹമുള്ളത്. നമ്മളിലൊരാളാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം പെരുമാറുക. ലോകത്തിലെ ഏറ്റവും മികച്ച താരമെന്നിരിക്കെ തന്നെ വളരെയധികം ശാന്തതയും എളിമയും ലാളിത്യവുമുള്ള പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്."
"ലയണൽ മെസി ബാഴ്സക്കൊപ്പം ഇല്ലെന്നതും താരത്തിനെതിരെ ഇനി കളിക്കാൻ കഴിയില്ലെന്നതും മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മൾ ഏറ്റവും മികച്ച താരത്തിനെതിരെ കളിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. ലാ ലീഗയിൽ താരമില്ലെന്നത് വളരെ നാണക്കേടാണ്," ഒകമ്പോസ് പറഞ്ഞു.
ബാഴ്സലോണയുടെ സാലറി ലിമിറ്റ് ലാ ലിഗ വെട്ടിക്കുറച്ചതു കൊണ്ടാണ് മെസിയെ വീണ്ടും ടീമിന്റെ ഭാഗമാക്കാൻ അവർക്കു കഴിയാതിരുന്നത്. ഇതേതുടർന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയ താരം കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഫ്രഞ്ച് ക്ലബിനു വേണ്ടിയുള്ള ആദ്യത്തെ ഗോൾ നേടിയിരുന്നു.