'മൂന്നു ദിവസം ഞങ്ങളിവിടെയുണ്ടായിട്ടും എന്തു കൊണ്ട് മത്സരത്തിനു മുൻപേ തടഞ്ഞില്ല' - ബ്രസീലിയൻ അധികൃതരോട് മെസി


ബ്രസീലും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം നിർത്തി വെപ്പിക്കുന്നതിനായി അത്യന്തം നാടകീയമായ രംഗങ്ങൾ സൃഷ്ടിച്ച ബ്രസീൽ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള അധികാരികളെ ചോദ്യം ചെയ്ത് ലയണൽ മെസി. മൂന്നു ദിവസം അർജന്റീന ടീം ബ്രസീലിൽ ഉണ്ടായിട്ടും എന്തു കൊണ്ട് ഇപ്പോൾ വന്നു മത്സരം തടയുന്നുവെന്നാണ് മെസി ഹെൽത്ത് ഒഫിഷ്യൽസ് മൈതാനത്തേക്കു വന്നപ്പോൾ ചോദിച്ചത്.
ഇംഗ്ലണ്ടിൽ നിന്നും വന്ന താരങ്ങളായ എമിലിയാനോ മാർട്ടിനസ്, എമിലിയാനോ ബുവെൻഡിയ, ക്രിസ്റ്റ്യൻ റൊമേരോ, ജിയോവാനി ലോ സെൽസോ എന്നിവർ ക്വാറന്റൈൻ നിയമങ്ങൾ പാലിക്കാതെ ഹെൽത്ത് ഒഫിഷ്യൽസിനെ കബളിപ്പിച്ച് മത്സരത്തിൽ പങ്കെടുത്തു എന്നതാണ് മത്സരം നിർത്തി വെക്കാനുള്ള കാരണമായി പറയുന്നത്. എന്നാൽ അങ്ങിനെയൊരു നിബന്ധനയുണ്ടെങ്കിൽ താരങ്ങൾ ബ്രസീലിൽ വന്ന സമയത്തു തന്നെ നടപടികളുമായി വരാതിരുന്നത് എന്തു കൊണ്ടാണെന്നായിരുന്നു മെസിയുടെ ചോദ്യം.
"മൂന്നു ദിവസമായി ഞങ്ങളിവിടെയുണ്ട്. എന്നിട്ടവർ മത്സരം തുടങ്ങുന്നതിനു വേണ്ടി കാത്തിരിക്കുകയായിരുന്നോ? എന്തു കൊണ്ടാണ് അതിനു മുൻപോ ഹോട്ടലിൽ വെച്ചോ ഈ മുന്നറിയിപ്പ് തരാതിരുന്നത്? അതു വിശദീകരിച്ചിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ ലോകം മുഴുവൻ ഇതു കണ്ടു കൊണ്ടിരിക്കുകയാണ്," മെസിയുടെ വാക്കുകൾ മാർക്ക റിപ്പോർട്ടു ചെയ്തു.
തുടങ്ങിയ മത്സരം ഇടക്കു വെച്ചു നിർത്തിവെച്ചതിൽ മെസി വളരെയധികം അസ്വസ്ഥനായെന്ന് താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ഫുട്ബോൾ ലോകത്തുണ്ടായ ഏറ്റവും അസാധാരണമായ ഈ സംഭവത്തിൽ ഇതുവരെയും ബ്രസീലിയൻ അധികാരികളുടെ ഭാഗത്തു നിന്നോ ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷന്റെ ഭാഗത്തു നിന്നോ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.