Football in Malayalam

പോച്ചട്ടിനോയുടെ തന്ത്രങ്ങളിൽ മെസിക്കു സംശയം, പിഎസ്‌ജി താരങ്ങൾക്കും പരിശീലകനിൽ വിശ്വാസം നഷ്‌ടമാകുന്നു

Sreejith N
TOPSHOT-FBL-FRA-LIGUE1-PSG-LYON
TOPSHOT-FBL-FRA-LIGUE1-PSG-LYON / FRANCK FIFE/GettyImages
facebooktwitterreddit

വമ്പൻ താരങ്ങളുടെ ഒരു നിര തന്നെയുണ്ടെങ്കിലും ഈ സീസണിൽ ആധികാരികമായ പ്രകടനം നടത്താൻ പിഎസ്‌ജിക്കു കഴിയുന്നില്ല എന്നിരിക്കെ പരിശീലകൻ മൗറീസിയോ പോച്ചട്ടിനോക്ക് മേൽ കൂടുതൽ സമ്മർദ്ദമേറ്റി ലയണൽ മെസിയടക്കമുള്ള താരങ്ങൾക്ക് അദ്ദേഹം കളിക്കളത്തിൽ നടപ്പിലാക്കുന്ന തന്ത്രങ്ങളിൽ സംശയം ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തിരിക്കുന്നത്‌.

ഫ്രഞ്ച് ലീഗിൽ പിഎസ്‌ജി ബഹുദൂരം മുന്നിലാണെങ്കിലും ഇതുവരെയും ലീഗിലും ചാമ്പ്യൻസ് ലീഗിലും ആധികാരികമായ പ്രകടനം നടത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇതിനു പുറമെ ലോകഫുട്ബോളിലെ സൂപ്പർതാരമായ മെസിയടക്കമുള്ള ടീമിലെ പ്രധാനികളും അവരുടെ മികവ് പുറത്തെടുക്കാൻ പരാജയപ്പെടുകയാണ്. സീസൺ ഇത്രയും പിന്നിട്ടിട്ടും ഇതിലൊരു മാറ്റവും വരാത്തതാണ് താരങ്ങളിൽ അസ്വാരസ്യം ഉടലെടുക്കാൻ കാരണം.

ഒരേ സ്റ്റാർട്ടിങ് ലൈനപ്പിനെ ഇതുവരെയും ഇറക്കിയിട്ടില്ല എന്നിരിക്കെ ഇതുവരെയും ടീമിൽ ലഭ്യമായ താരങ്ങളെ വെച്ച് മികച്ചൊരു ലൈനപ്പ് ഉണ്ടാക്കിയെടുക്കാൻ പോച്ചട്ടിനോക്ക് കഴിഞ്ഞിട്ടില്ല. ടീമിലെ താരങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകാതെ, അവരുടെ നീക്കങ്ങളെ നിയന്ത്രിക്കുന്ന ശൈലിയാണ് പോച്ചട്ടിനോ നടപ്പിൽ വരുത്തുന്നതെന്നും അതു താരങ്ങളെ ബാധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതുപോലെ മോശം പ്രകടനത്തെ കടുത്ത ഭാഷയിൽ നേരിടാതെ വളരെ മൃദുസമീപനം പോച്ചട്ടിനോ പുലർത്തുന്നുവെന്നും പ്രസ് കോൺഫറൻസ് അടക്കമുള്ള സ്ഥലങ്ങളിൽ ടീമിന്റെ പ്രകടനത്തെ വിമർശിക്കാതിരിക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും വിമർശനം ഉയരുന്നുണ്ട്. ഇതിന്റെ ഭാഗമായി ടീമിലെ ഒരു വിഭാഗത്തിന് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്‌ടമായി എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇതിനു പുറമെ മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തിന്റെ ആഘോഷങ്ങൾ നീസുമായുള്ള മത്സരത്തിന്റെ രണ്ടു ദിവസം മുൻപ് നടത്തിയതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പോച്ചട്ടിനോ ഇതാദ്യമായല്ല സൗമ്യത കാണിക്കുന്നതെന്നും കളിക്കാരിൽ നിന്നും ചോദ്യം ചെയ്യപ്പെടേണ്ട പല പ്രവൃത്തികൾ ഉണ്ടായിട്ടും അദ്ദേഹം അനുരഞ്ജനം സ്വീകരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മൗറീസിയോ പോച്ചട്ടിനോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി അടുത്ത സമ്മറിൽ എത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ഈ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. താരങ്ങൾക്ക് പരിശീലകനിൽ സംശയം ആരംഭിച്ചാൽ അദ്ദേഹം പുറത്താക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. അങ്ങിനെ സംഭവിച്ചാൽ സിദാൻ പിഎസ്‌ജിയിൽ എത്താനുള്ള സാധ്യതകളും അത് വർദ്ധിപ്പിക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit