Football in Malayalam

മെസിയുടെ ഹാട്രിക്ക് അസിസ്റ്റിൽ പിന്നിൽ നിന്നും തിരിച്ചടിച്ച് പിഎസ്‌ജിക്കു വിജയം, നെയ്‌മർക്ക് ഗുരുതര പരിക്ക്

Sreejith N
FBL-FRA-LIGUE1-SAINT ETIENNE-PSG
FBL-FRA-LIGUE1-SAINT ETIENNE-PSG / JEFF PACHOUD/GettyImages
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ഫോം കണ്ടെത്താൻ കഴിയുന്നില്ലെന്ന വിമർശനങ്ങൾക്കു മറുപടി നൽകി ഫ്രഞ്ച് ലീഗ് മത്സരത്തിൽ ഹാട്രിക്ക് അസിസ്റ്റുമായി ലയണൽ മെസി. സെയിന്റ് ഏറ്റിയെന്നുമായി നടന്ന മത്സരത്തിൽ മൂന്നു അസിസ്റ്റുകൾ നൽകി ഒരു ഗോളിനു പിന്നിലായിപ്പോയ പിഎസ്‌ജിയെ വിജയത്തിലേക്ക് നയിക്കാനും മെസിക്കു കഴിഞ്ഞു. മെസിയുടെ അസിസ്റ്റിൽ മാർക്വിന്യോസ് രണ്ടു ഗോളുകൾ നേടിയപ്പോൾ ഏഞ്ചൽ ഡി മരിയയാണ് മറ്റൊരു ഗോൾ നേടിയത്.

സെയിന്റ് ഏറ്റിയെന്നെയാണ് മത്സരത്തിൽ മുന്നിലെത്തിയത് എങ്കിലും നാൽപത്തിയഞ്ചാം മിനുട്ടിൽ തിമോത്തി ചുവപ്പുകാർഡ് നേടി പുറത്തു പോയത് അവർക്ക് തിരിച്ചടിയായി. ആ ഫൗളിന് ലഭിച്ച ഫ്രീ കിക്കിൽ നിന്നുമാണ് മെസിയുടെ അസിസ്റ്റിൽ മാർക്വിന്യോസ് ആദ്യഗോൾ നേടുന്നത്. അതിനു ശേഷം രണ്ടാം പകുതിയുടെ എഴുപത്തിയൊമ്പതാം മിനുട്ടിലും ഇഞ്ചുറി ടൈമിലും രണ്ട് മനോഹരമായ അസിസ്റ്റുകൾ കൂടി മെസി നൽകി.

മത്സരത്തിലെ അസിസ്റ്റുകളിലൂടെ 2021 വർഷത്തിൽ 15 അസിസ്റ്റുകളെന്ന നേട്ടം പിന്നിടാനും മെസിക്കായി. തുടർച്ചയായി പതിനാലാം തവണയാണ് ഒരു വർഷത്തിൽ 15 അസിസ്റ്റുകളെന്ന നേട്ടം മെസി പിന്നിടുന്നത്. മുന്നേറ്റനിര താരമെന്നതിൽ ഉപരിയായി ഒരു കംപ്ലീറ്റ് പ്ലേ മേക്കറാണ് മെസിയെന്നു തെളിയിക്കുന്നതാണ് ഈ കണക്കുകൾ. പിഎസ്‌ജിയിൽ പതിയെപ്പതിയെ താൻ താളം കണ്ടെടുക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനകൾ കൂടിയാണ് താരം നൽകിയത്.

അതേസമയം മെസിയുടെ നേട്ടത്തിന്റെയും പിഎസ്‌ജിയുടെ വിജയത്തിന്റെയും സന്തോഷത്തിനു കരിനിഴൽ വീഴ്ത്തി മത്സരത്തിൽ നെയ്‌മർക്കു പരിക്കേൽക്കുകയും ചെയ്‌തു. എൺപത്തിയേഴാം മിനുട്ടിലുണ്ടായ ഫൗളിൽ, ആദ്യകാഴ്‌ചയിൽ അതീവ ഗുരുതരമെന്നുറപ്പുള്ള പരിക്കു പറ്റിയ താരത്തിനെ സ്‌ട്രെച്ചറിലാണ് മൈതാനത്തു നിന്നും കൊണ്ടു പോയത്.

വിജയത്തോടെ ഫ്രഞ്ച് ലീഗിൽ പതിനഞ്ചു മത്സരങ്ങളിൽ നിന്നും നാൽപതു പോയിന്റുമായി പിഎസ്‌ജി ബഹുദൂരം മുന്നിലായി ഒന്നാം സ്ഥാനത്തു തുടർന്നു. രണ്ടാം സ്ഥാനത്തുള്ള നീസിന് അത്രയും മത്സരങ്ങളിൽ നിന്നും ഇരുപത്തിയാറു പോയിന്റുകൾ മാത്രമാണുള്ളത്.

facebooktwitterreddit