എംബാപ്പെ പിഎസ്ജി കരാർ പുതുക്കിയതിൽ മെസി സന്തോഷവാൻ


കിലിയൻ എംബാപ്പെ പിഎസ്ജിയുമായി കരാർ പുതുക്കിയതിൽ സഹതാരം ലയണൽ മെസി വളരെയധികം സന്തോഷവാനാണെന്ന് സ്പാനിഷ് മാധ്യമം മാർക്കയുടെ റിപ്പോർട്ട്. ലോകഫുട്ബോളിലെ ഏറ്റവും പ്രധാന താരമെന്ന നിലയിൽ തനിക്ക് പ്രാധാന്യം നൽകിയിരുന്ന മാധ്യമങ്ങൾ എംബാപ്പക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിലും താരം ആഹ്ലാദവാനാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
എംബാപ്പെ പിഎസ്ജിയിൽ തന്നെ തുടർന്നാൽ ക്ലബിനൊപ്പം കിരീടങ്ങൾ സ്വന്തമാക്കാനുള്ള സാധ്യത വർധിക്കുമെന്നു തന്നെയാണ് മെസി കരുതുന്നത്. എംബാപ്പെ 2025 വരെ കരാർ പുതുക്കിയതിനാൽ രണ്ടു വർഷം കൂടി പിഎസ്ജിക്കൊപ്പം തുടരാൻ കരാറിൽ ധാരണയുള്ള മെസിക്ക് ഫ്രഞ്ച് താരത്തിനൊപ്പം ചേർന്ന് യൂറോപ്പിലെ പ്രധാന കിരീടങ്ങൾക്കു വേണ്ടിയെല്ലാം പൊരുതാൻ കഴിയും.
Messi is happy that the spotlight is on Mbappe at PSG, as opposed to him. https://t.co/Jozbbej1mJ
— MARCA in English (@MARCAinENGLISH) May 25, 2022
എംബാപ്പെ, നെയ്മർ തുടങ്ങിയ താരങ്ങൾ കളിക്കുന്ന പിഎസ്ജി മുന്നേറ്റനിരയിൽ കുറച്ചു ഡീപ്പർ റോളിലും അഡ്വാൻസ്ഡ് പ്ലേമേക്കർ റോളിലും കളിക്കേണ്ടി വരുമെന്ന ധാരണയും മെസിക്കുണ്ട്. ബാഴ്സലോണ ടീം മെസിയെ കേന്ദ്രീകരിച്ചാണ് നിന്നിരുന്നതെങ്കിൽ ഇവിടെ പിഎസ്ജിയിൽ കിലിയൻ എംബാപ്പയെ കേന്ദ്രീകരിച്ചാണ് കളി മെനയുന്നത്. അതിനാൽ തന്നെ മുൻപ് ലഭിച്ചിരുന്ന സ്വാതന്ത്ര്യങ്ങളിൽ താരത്തിന് വിട്ടു വീഴ്ച ചെയ്യേണ്ടി വരും.
ഈ സീസണിൽ ലയണൽ മെസിക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ക്ലബുമായി ഇണങ്ങിച്ചേരാനുള്ള ഒരു സമയമായാണ് അതിനെ കണക്കാക്കുന്നത്. എങ്കിലും ലീഗിൽ 26 മത്സരങ്ങളിൽ നിന്നും ആറു ഗോളും പതിനാല് അസിസ്റ്റും, ചാമ്പ്യൻസ് ലീഗിൽ ഏഴു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളും നേടിയ മെസി അടുത്ത സീസണിൽ അതിനേക്കാൾ മികച്ച പ്രകടനം തന്നെയാണ് ലക്ഷ്യം വെക്കുന്നത്.
നിലവിൽ അർജന്റീന ടീമിനൊപ്പം സ്പെയിനിൽ പരിശീലനം നടത്തുകയാണ് മെസി. ജൂൺ ഒന്നിന് നടക്കുന്ന മത്സരത്തിൽ യൂറോ ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിജയം നേടി കിരീടം സ്വന്തമാക്കി ഈ സീസണിൽ ഉണ്ടായ നിരാശയെ തുടച്ചു കളയാനാവും മെസി ശ്രമിക്കുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.