പിഎസ്ജിക്കു വേണ്ടി ഫ്രഞ്ച് ലീഗിലെ ആദ്യഗോൾ നേടിയതിനു ശേഷം പ്രതികരണവുമായി ലയണൽ മെസി


നാന്റസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപിച്ച മത്സരത്തിൽ പിഎസ്ജിക്കു വേണ്ടി തന്റെ ആദ്യത്തെ ഫ്രഞ്ച് ലീഗ് ഗോൾ നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് സൂപ്പർതാരം ലയണൽ മെസി. കെയ്ലർ നവാസ് ചുവപ്പുകാർഡ് നേടി പുറത്തു പോയതിനെ തുടർന്ന് പത്തു പേരായി ചുരുങ്ങിയതിനു ശേഷം രണ്ടു ഗോൾ നേടി പിഎസ്ജി വിജയം കണ്ടെത്തിയ മത്സരത്തിൽ ടീമിന്റെ അവസാന ഗോളാണ് മെസി നേടിയത്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് പിഎസ്ജിയിൽ എത്തിയ മെസിക്ക് ഭൂരിഭാഗം മത്സരങ്ങളിലും തന്റെ പ്രതിഭ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. ഇന്നലെത്തേതടക്കം ഇതുവരെ നാല് ഗോളുകൾ മാത്രം കണ്ടെത്തിയ താരം അർജന്റീന ലോകകപ്പ് യോഗ്യത നേടിയതിനു ശേഷം ക്ലബിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ ശ്രദ്ധ കേന്ദ്രീകരിക്കും എന്നു വെളിപ്പെടുത്തിയതിനു പിന്നാലെയാണ് തന്റെ ആദ്യത്തെ ലീഗ് ഗോൾ കുറിച്ചത്.
? Leo Messi- I'm happy with the first goal. There were a lot of chances. We weren't afraid, but the result took a while to come for us. I'm very happy to have scored this first goal (in Ligue 1).#Messi|#PSGFCNA|#PSG|#Ligue1 pic.twitter.com/sk7CXosNaz
— Philip Alimo (@alimo_philip) November 20, 2021
"ഞാൻ വളരെ സന്തോഷവാനാണ്. ഞങ്ങൾക്ക് ഒരുപാട് അവസരം ലഭിച്ചിരുന്നു, പക്ഷെ അവരുടെ ഗോൾകീപ്പർ മികച്ച സേവുകൾ നടത്തി. പക്ഷെ ഞങ്ങൾ പതറിയില്ല, ഒടുവിൽ വിജയവും കണ്ടെത്തി. പാർക് ഡി പ്രിൻസെസിൽ ആരാധകർക്കു മുന്നിൽ ഗോൾ നേടാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയിട്ടുണ്ടെങ്കിലും ലീഗിൽ ഗോൾ നേടാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു." മെസി ആമസോൺ പ്രൈമിനോട് പറഞ്ഞു.
മത്സരത്തിൽ എംബാപ്പയിലൂടെ മുന്നിലെത്തിയ പിഎസ്ജി നവാസ് പുറത്തായതിനു ശേഷം ഒരു ഗോൾ വഴങ്ങിയതാണ്. എന്നാൽ അതിനു ശേഷം ടീമിന്റെ വിജയമുറപ്പിച്ച രണ്ടു ഗോളിലും മെസിയുടെ സാന്നിധ്യമുണ്ടായിരുന്നു. മെസി നൽകാൻ ശ്രമിച്ച ത്രൂ പാസ് നാന്റസ് പ്രതിരോധതാരത്തിന്റെ കാലിൽ തട്ടിയാണ് പിഎസ്ജിയുടെ ആദ്യത്തെ ഗോൾ പിറന്നത്. അതിനു ശേഷം എംബാപ്പയുടെ പാസിൽ നിന്നും മെസി വല കുലുക്കുകയും ചെയ്തു.
അതേസമയം മത്സരത്തിലെ വിജയം വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണെന്നു പറഞ്ഞ പോച്ചട്ടിനോ പിഎസ്ജി കൂടുതൽ ഗോളുകൾ നേടേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി. ടീം അവരുടെ സ്വഭാവം കാണിച്ചുവെന്നും കൂടുതൽ മത്സരങ്ങളിലൂടെ മികച്ച പ്രകടനത്തിലേക്ക് ടീമെത്തുമെന്നും അദ്ദേഹം പറഞ്ഞു.