പിഎസ്‌ജിയിലെ പ്രകടനം പരിഗണിക്കില്ല, ഫിഫ 'ദി ബെസ്റ്റ്' പുരസ്‌കാരം മെസി നേടാൻ സാധ്യതയേറുന്നു

Argentina v Bolivia - FIFA World Cup 2022 Qatar Qualifier
Argentina v Bolivia - FIFA World Cup 2022 Qatar Qualifier / Pool/GettyImages
facebooktwitterreddit

ഫിഫയുടെ ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള 2021ലെ അവാർഡ് ലയണൽ മെസി നേടാനുള്ള സാധ്യത വർധിക്കുന്നു. റോബർട്ട് ലെവൻഡോസ്‌കി, മൊഹമ്മദ് സലാ എന്നിവരുടെ ഒപ്പം മെസിയും നാമനിർദ്ദേശം ചെയ്യപ്പെട്ട പുരസ്‌കാരം ജനുവരി പതിനേഴിനാണ്‌ പ്രഖ്യാപിക്കപ്പെടുക.

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും കരിയറിലെ ഏഴാമത്തെ ബാലൺ ഡി ഓർ കഴിഞ്ഞ മാസം താരം സ്വന്തമാക്കിയിരുന്നു. എന്നാൽ അതിനു പിന്നാലെ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ലെവൻഡോസ്‌കിയാണ് പുരസ്‌കാരം അർഹിച്ചിരുന്നതെന്ന വാദങ്ങളും ശക്തമായിരുന്നു.

ഫിഫ 'ദി ബെസ്റ്റ്' പുരസ്‌കാരത്തിന്റെ പ്രഖ്യാപനം അടുത്തു കൊണ്ടിരിക്കെയും സമാനമായ വാദങ്ങൾ ഉയരുന്നുണ്ട്. ഈ സീസണിൽ മെസിയുടെ മോശം പ്രകടനമാണ് അതിനായി ഉയർത്തിക്കാട്ടുന്നതെങ്കിലും പിഎസ്‌ജിയിൽ മെസി എത്തിയതിനു ശേഷമുള്ള പ്രകടനം ഫിഫ 'ദി ബെസ്റ്റ്' അവാർഡിനായി കണക്കു കൂട്ടില്ലെന്നത് അർജന്റീനിയൻ താരം ഈ നേട്ടം സ്വന്തമാക്കാൻ സാധ്യത വർധിപ്പിക്കുന്നു.

"2020 ഒക്ടോബർ 8 മുതൽ 2021 ഓഗസ്റ്റ് 7 വരെയുള്ള പ്രകടനവും നേട്ടങ്ങളുമാണ് വിജയിയെ തിരഞ്ഞെടുക്കാൻ പാനൽ പരിഗണിക്കുക." ഫിഫയുടെ പ്രസ്‌താവന ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്‌തു. പിഎസ്‌ജിയിൽ ചേരുന്നതിനു ശേഷമുള്ള താരത്തിന്റെ പ്രകടനം അവാർഡിനായി കണക്കാക്കില്ലെന്നത് ഇതിൽ നിന്നും വ്യക്തമാണ്.

ഫിഫ അവാർഡിനായി പരിഗണിക്കുന്ന കാലഘട്ടത്തിൽ 47 മത്സരങ്ങളിൽ നിന്നും 43 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്. ബാഴ്‌സലോണക്കൊപ്പം കോപ്പ ഡെൽ റേ സ്വന്തമാക്കിയ താരം അതിനു ശേഷം അർജന്റീനക്കൊപ്പം ആധികാരിക പ്രകടനം നടത്തി കോപ്പ അമേരിക്ക കിരീടവും താരം സ്വന്തമാക്കി.

ഒരിക്കൽ കൂടി ഫിഫയുടെ മികച്ച പുരുഷതാരത്തിനുള്ള അവാർഡ് മെസി നേടിയാൽ അത് ചരിത്രം തന്നെയാവും. കഴിഞ്ഞ വർഷം റോബർട്ട് ലെവൻഡോസ്‌കി സ്വന്തമാക്കിയ അവാർഡ് ഇത്തവണ മെസി നേടിയാൽ അത് അർജന്റീനിയൻ താരത്തിന്റെ ഏഴാമത്തെ ഫിഫ 'ദി ബെസ്റ്റ്' പുരസ്‌കാരമായിരിക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.