Football in Malayalam

മെസിക്ക് അവിസ്‌മരണീയ സ്വീകരണം നൽകി പിഎസ്‌ജി ആരാധകർ, പ്രതീക്ഷ നൽകുന്ന വാക്കുകളുമായി താരം

Sreejith N
Lionel Messi
Lionel Messi / Xavier Laine/Getty Images
facebooktwitterreddit

പിഎസ്‌ജിയിലേക്ക് ചേക്കേറിയെങ്കിലും ടീമിനു വേണ്ടി അരങ്ങേറ്റം നടത്താൻ ലയണൽ മെസി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് പരിശീലകനായ മൗറീസിയോ പോച്ചട്ടിനോ വ്യക്തമാക്കിയിരുന്നു. കോപ്പ അമേരിക്കക്കു ശേഷം ഒരു ടീമിനൊപ്പവും പരിശീലനം നടത്തിയിട്ടില്ലാത്ത ലയണൽ മെസിക്ക് ആദ്യ മത്സരത്തിനു മുൻപ് ശാരീരികമായുള്ള തയ്യാറെടുപ്പുകൾക്കും ടീമിനൊപ്പം ഇണങ്ങി ചേരുന്നതിനും വേണ്ടിയുള്ള സമയം അത്യാവശ്യമായതു കൊണ്ടാണ് താരത്തിന്റെ അരങ്ങേറ്റം വൈകുക.

അതേസമയം ഇന്നലെ പിഎസ്‌ജിയുടെ മൈതാനത്തു വെച്ചു നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിനു മുന്നോടിയായി മെസി അടക്കമുള്ള പുതിയ സൈനിംഗുകളെ ക്ലബ് അവതരിപ്പിച്ചിരുന്നു. പതിനായിരക്കണക്കിന് ആരാധകർ നിറഞ്ഞ സ്റ്റേഡിയം ആവേശോജ്ജ്വലമായ വരവേൽപ്പാണ് താരത്തിന് നൽകിയത്. സ്റ്റേഡിയം മുഴുവൻ നിറഞ്ഞു നിന്ന മെസി ചാന്റിനിടയിൽ ആരാധകരോട് താരം നന്ദി പറയുകയും ചെയ്‌തു.

"വളരെയധികം സ്പെഷ്യലായൊരു ആഴ്‌ചയാണിത്. എന്നെ സ്വാഗതം ചെയ്‌തവർക്കെല്ലാം വളരെയധികം നന്ദി. ഇത് അവിശ്വസനീയമാണ്, ഞാൻ വളരെയധികം സന്തോഷവാനും. ഈ പുതിയ കാലഘട്ടത്തെ പ്രതീക്ഷയോടെയും ആഹ്ലാദത്തോടു കൂടിയുമാണ് ഞാൻ സമീപിക്കുന്നത്. ഈ വർഷം നമുക്ക് ആസ്വദിക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു." പിഎസ്‌ജി ആരാധകരോട് മെസി പറഞ്ഞു.

പിഎസ്‌ജിയുടെ അടുത്ത മത്സരം ഈ മാസം ഇരുപതിന്‌ രാത്രി ആണെങ്കിലും അതിലും മെസി കളിക്കാനുള്ള സാധ്യത കുറവാണ്. അതേസമയം സ്റ്റെഡി ഡി റെയിംസിനെതിരെ ഓഗസ്റ്റ് 29നു രാത്രി നടക്കുന്ന മത്സരത്തിൽ താരം കളിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇതുവരെയും അതു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതേസമയം പിഎസ്‌ജിയുടെ മൈതാനത്തു കളത്തിലിറങ്ങാൻ താരം അടുത്ത മാസം വരെ കാത്തിരിക്കേണ്ടി വരും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit