Football in Malayalam

"ലോകകപ്പിനു ശേഷം ഒരുപാട് കാര്യങ്ങളിൽ പുനർചിന്തനം നടത്തും"- വിരമിക്കൽ സൂചനകൾ നൽകി ലയണൽ മെസി

Sreejith N
Messi Says He Have To Rethink A Lot After World Cup
Messi Says He Have To Rethink A Lot After World Cup / Marcelo Endelli/GettyImages
facebooktwitterreddit

ഖത്തർ ലോകകപ്പിനു ശേഷം ദേശീയ ടീമിൽ നിന്നും വിട പറയുമെന്ന സൂചനകൾ നൽകി അർജന്റീന നായകൻ ലയണൽ മെസി. ഇന്നു പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ വെനസ്വലയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ മെസി ഒരു ഗോൾ നേടിയിരുന്നു.

മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കെ അർജന്റീന പരിശീലകൻ വെനസ്വലക്കെതിരായ മത്സരം ലോകകപ്പിനു മുന്നോടിയായി മെസി സ്വന്തം നാട്ടിൽ കളിക്കുന്ന അവസാനത്തെ മത്സരമാകുമെന്ന് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് മുപ്പത്തിനാല് വയസുള്ള താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും ഉയർന്ന സാഹചര്യത്തിലാണ് മെസി പ്രതികരിച്ചത്.

"ഇവിടെ ഒരുപാട് കാലം ഉണ്ടായതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഈ മനോഹരമായ ഗ്രൂപ്പിനൊപ്പം ഞങ്ങൾ കോപ്പ അമേരിക്ക വിജയം നേടി. എല്ലാം സ്വാഭാവികമായി മുന്നോട്ടു പോകുന്നു. മൈതാനത്തിനകത്തും പുറത്തും എല്ലാ കാര്യങ്ങളും അനായാസം തന്നെയാണ്." മെസി പറഞ്ഞു.

"ഞാനിപ്പോൾ ഇക്വഡോറിനെതിരെയുള്ള മത്സരത്തെക്കുറിച്ചും അതിനു വേണ്ട തയ്യാറെടുപ്പുകളെപ്പറ്റിയുമാണ് സംസാരിക്കുന്നത്. ലോകകപ്പിനു ശേഷം ഞാൻ ഒരുപാട് കാര്യങ്ങളെക്കുറിച്ച് പുനർചിന്തനം നടത്തും. അത് നല്ല രീതിയിൽ മുന്നോട്ടു പോയാലും ഇല്ലെങ്കിലും, നല്ല രീതിയിൽ ആകുമെന്ന് കരുതുന്നു." മെസി വ്യക്തമാക്കി.

മെസിക്കു പുറമെ ഏഞ്ചൽ ഡി മരിയ, നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് അർജന്റീനയുടെ വിജയത്തിൽ ഗോളുകൾ നേടിയത്. റോഡ്രിഗോ ഡി പോൾ രണ്ട് അസിസ്റ്റുകൾ നേടിയപ്പോൾ ഏഞ്ചൽ ഡി മരിയയും ഒരു ഗോളിന് വഴിയൊരുക്കി. അർജന്റീനയുടെ അടുത്ത മത്സരം ഇക്വഡോറുമായാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit