Football in Malayalam

90Min Exclusive: ഗോൾകീപ്പർമാരെയും, ഡിഫൻഡർമാരെയും 'വധിക്കാനാണ്' മെസി കളിക്കളത്തിലെത്തുന്നതെന്ന് കബല്ലെറോ

Gokul Manthara
Manchester City FC v FC Barcelona - UEFA Champions League
Manchester City FC v FC Barcelona - UEFA Champions League / Laurence Griffiths/Getty Images
facebooktwitterreddit

ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരമായ ലയണൽ മെസിയെ നേരിടുമ്പോളെല്ലാം തനിക്ക് കഷ്ടപ്പെടേണ്ടി‌ വന്നിട്ടുണ്ടെന്നും കളിക്കളത്തിൽ ഗോൾകീപ്പർമാരെ അക്ഷരാർത്ഥത്തിൽ വധിക്കുകയെന്ന ലക്ഷ്യവുമായാണ് താരം എത്താറുള്ളതെന്നും ദേശീയ ടീമിൽ അദ്ദേഹത്തിന്റെ സഹതാരമായ ചെൽസി ഗോൾകീപ്പർ വില്ലി കബല്ലറോ. കഴിഞ്ഞ ‌ദിവസം 90Minനോട് സംസാരിക്കവെയായിരുന്നു കബല്ലറോ, മെസിയെ പ്രശംസിച്ചതും അദ്ദേഹത്തിനെതിരെ കളിച്ചപ്പോൾ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ് തുറന്നതും.

അർജന്റൈൻ ദേശീയ ടീമിൽ മെസിക്കൊപ്പം ഒരുമിച്ച് കളിച്ചിട്ടുള്ള കബല്ലറോ, നേരത്തെ സ്പാനിഷ് ലാ ലീഗയിൽ മലാഗയുടെ ഗോൾകീപ്പറായിരുന്നു. ഈ ‌സമയം മെസിയുടെ ബാഴ്സലോണ ടീമിനെതിരെ നിരവധി തവണ കബല്ലറോക്ക് കളിക്കേണ്ടി‌ വന്നിട്ടുണ്ട്. ഈ സമയമെല്ലാം മെസി തന്നെ വല്ലാതെ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ.

"മെസിയെ അഭിമുഖീകരിക്കുമ്പോളൊക്കെ ഞാൻ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. ഗോൾകീപ്പർമാരെയും, ഡിഫൻഡർമാരെയും വധിക്കാനാണ് അദ്ദേഹം കളിക്കളത്തിലെത്തുന്നത്. വധിക്കുക എന്നത് കൊണ്ട് അർഥമാക്കുന്നത് കഴിയുന്നത്ര ഗോളുകൾ നേടുക എന്നതാണ്," 90Minനോട് സംസാരിക്കവെ കബല്ലറോ വ്യക്തമാക്കി.

മെസിയെ നിങ്ങൾ അറിയുമെന്നതോ, നിങ്ങൾ അദ്ദേഹത്തിന്റെ സുഹൃത്താണ് എന്നതോ, അല്ലെങ്കിൽ നിങ്ങൾ ഒരു അർജന്റീനക്കാരനാണ് എന്നതോ കളിക്കളത്തിൽ അദ്ദേഹത്തെ തെല്ലും ബാധിക്കുന്ന കാര്യമല്ലെന്നും കബല്ലെറോ പറയുന്നു.‌ മത്സരത്തിന് ശേഷം മെസി എല്ലാവരോടും, സംസാരിക്കുമെന്നും എല്ലാവരേയും അഭിവാദ്യം ചെയ്യുമെന്നും ചൂണ്ടിക്കാട്ടിയ കബല്ലറോ, എന്നാൽ കളി നടക്കുന്ന 90 മിനുറ്റുകളിൽ നിങ്ങളെ ഗോളുകളിലൂടെ അടിച്ചു വീഴ്ത്താനുള്ള ശ്രമത്തിലാകും മെസിയെന്നും കൂട്ടിച്ചേർത്തു.

അതേ സമയം ലോക ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന മെസി മുപ്പത്തിനാലാം വയസിലേക്ക് കടക്കുമ്പോളും ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്. ബാഴ്സലോണക്കായി 663 ഗോളുകളും ദേശീയ ടീമിനായി 71 ഗോളുകളും താരം ഇതിനോടകം നേടിയിട്ടുണ്ട്.


facebooktwitterreddit