Football in Malayalam

ഉദരസംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കിലും മെസി നീസിനെതിരെ കളിക്കും, ഏഴാം ബാലൺ ഡി ഓർ പ്രദർശിപ്പിക്കും

Sreejith N
Manchester City v Paris Saint-Germain: Group A - UEFA Champions League
Manchester City v Paris Saint-Germain: Group A - UEFA Champions League / John Berry/GettyImages
facebooktwitterreddit

ഉദരസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും നീസിനെതിരെയുള്ള ഫ്രഞ്ച് ലീഗ് മത്സരത്തിൽ ലയണൽ മെസി കളിക്കും. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ തന്റെ ഏഴാമത് ബാലൺ ഡി ഓർ ഉയർത്തിയ മെസിക്ക് അതിനു ശേഷം ചെറിയ തോതിലുള്ള ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതു മൂലം മത്സരം നഷ്‌ടപ്പെടാൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരം കളിക്കുമെന്നാണ് ഗോൾ സ്ഥിരീകരിക്കുന്നത്.

ലയണൽ മെസിയും അർജന്റീനിയൻ സഹതാരമായ ലിയാൻഡ്രോ പരഡെസും ഗാസ്‌ട്രോഎന്ററൈറ്റിസിന്റെ പ്രശ്‌നങ്ങൾ മൂലം കഴിഞ്ഞ ദിവസമുള്ള ട്രെയിനിങ് സെഷനിൽ പങ്കെടുത്തില്ലെന്ന് പിഎസ്‌ജി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മത്സരത്തിനുള്ള സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ മെസിയെ ലഭ്യമാണെന്നും നീസിനെതിരെ താരം ഇറങ്ങുമെന്നും ഗോളിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം ടീമിലെ മറ്റു ചില പ്രധാനതാരങ്ങൾ പരിക്കു മൂലം പുറത്താണ്. കഴിഞ്ഞ മത്സരത്തിനിടെയേറ്റ പരിക്കു മൂലം നെയ്‌മറുടെ സേവനം ആറാഴ്‌ചത്തേക്ക് ലഭ്യമാകില്ല. ഇതിനു പുറമെ മുന്നേറ്റനിര താരം ജൂലിയൻ ഡ്രാക്‌സ്‌ലർ, മധ്യനിര താരം ആൻഡർ ഹെരേര എന്നിവരും നീസിനെതിരെ ഉണ്ടാവില്ല. അതേസമയം ഇകാർഡി, വൈനാൽഡം എന്നീ താരങ്ങൾ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടാൻ ലഭ്യമാണ്.

സ്വന്തം മൈതാനത്തു വെച്ചാണ് മത്സരം നടക്കുന്നത് എന്നതു കൊണ്ടു തന്നെ ലയണൽ മെസിയുടെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന്റെ പ്രദർശനവും അതിനൊപ്പമുണ്ടാകും. ഇതാദ്യമായാണ് പിഎസ്‌ജിയിൽ കളിച്ചു കൊണ്ടിരിക്കെ ഒരു താരം ബാലൺ ഡി ഓർ നേടുന്നത് എന്നതിനാൽ തന്നെ ഗംഭീരമായ ഒരുക്കങ്ങളാണ് ഫ്രഞ്ച് ക്ലബ് അതിനായി നടത്തുന്നത്.

facebooktwitterreddit