Lionel Messi

ലപോർട്ടയുടെ പ്രതികരണങ്ങൾ മെസിക്ക് അസ്വസ്ഥതയുണ്ടാക്കുന്നു

Sreejith N
Messi Fed Up With Laporta's Constant Comments
Messi Fed Up With Laporta's Constant Comments / Gustavo Pagano/GettyImages
facebooktwitterreddit

ബാഴ്‌സലോണ പ്രസിഡന്റായ യോൻ ലപോർട്ട മെസിയെക്കുറിച്ച് നടത്തുന്ന പരാമർശങ്ങളിൽ താരം അസ്വസ്ഥനാണെന്ന് റിപ്പോർട്ട്. മെസിയുടെ പിതാവായ ജോർജ് മെസി ബാഴ്‌സ പ്രസിഡന്റിനെ വിളിച്ച് മെസിയെക്കുറിച്ചുള്ള പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതു പാലിക്കാത്തതാണ് മെസിക്ക് അതൃപ്‌തിയെന്ന് കദേന എസ്ഇആർ റിപ്പോർട്ടു ചെയ്‌തു.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരങ്ങൾ പണത്തിനു പിന്നാലെ പോകുന്ന അടിമകൾ ആണെന്ന് ലപോർട്ട അഭിപ്രായപ്പെട്ടിരുന്നു. ബാഴ്‌സലോണ വിട്ട താരങ്ങൾക്ക് ക്ലബ്ബിലേക്ക് തിരിച്ചെത്തണമെങ്കിൽ നിലവിലെ സാഹചര്യത്തിൽ ഫ്രീ ഏജന്റായി മാത്രമേ നടക്കുകയുള്ളൂവെന്നും ലപോർട്ട പറഞ്ഞിരുന്നു. ഇതിനു പുറമെ മെസി ക്ലബ് വിടാനുള്ള സാഹചര്യവും അദ്ദേഹം വിശദീകരിച്ചിരുന്നു.

മെസിയുൾപ്പെടെയുള്ള കളിക്കാരെ പരാമർശിക്കുന്ന ഈ പ്രതികരണങ്ങളെ അത്ര നല്ല രീതിയിലല്ല താരത്തിന്റെ ക്യാമ്പ് സ്വീകരിച്ചിരിക്കുന്നത്. മെസിയെ കൃത്യമായി ഉന്നം വെക്കുന്ന പരാമർശമല്ല ലപോർട്ട നടത്തിയതെങ്കിലും താരം ബാഴ്‌സയിലേക്ക് തിരിച്ചു വരണമെന്നതടക്കമുള്ള വാക്കുകളിൽ അവർക്ക് അതൃപ്‌തിയുണ്ട്. ഒരു വർഷം കൂടി പിഎസ്‌ജി കരാറിൽ ബാക്കിയുള്ള മെസി ഫ്രാൻസ് വിടണമെന്ന് ആലോചിച്ചിട്ടു പോലുമില്ല.

മെസി ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം ലപോർട്ടയുമായി അത്ര മികച്ച ബന്ധത്തിലല്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. അതേസമയം മെസിയെയും നെയ്‌മറേയും ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കാൻ താൽപര്യമുണ്ടെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതി അതിനു അനുവദിക്കുന്നില്ലെന്നാണ് ലപോർട്ട ആവർത്തിച്ചു വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit