Lionel Messi

ഫുട്ബോൾ വളർത്താൻ മെസി അമേരിക്കൻ ലീഗിലേക്ക് ചേക്കേറേണ്ട ആവശ്യമില്ലെന്ന് സ്‌പാനിഷ്‌ പരിശീലകൻ മിഗ്വൽ റാമിറസ്

Sreejith N
Messi Doesn't Need To Move To MLS To Expand Game Says Miguel Ramirez
Messi Doesn't Need To Move To MLS To Expand Game Says Miguel Ramirez / Eurasia Sport Images/GettyImages
facebooktwitterreddit

അമേരിക്കയിൽ ഫുട്ബോൾ വികാസം പ്രാപിക്കാൻ സഹായിക്കാൻ വേണ്ടി മെസി എംഎൽഎസിലേക്ക് ചേക്കേറേണ്ട ആവശ്യമില്ലെന്ന് സ്‌പാനിഷ്‌ പരിശീലകൻ മിഗ്വൽ ഏഞ്ചൽ റാമിറസ്. നിലവിൽ അമേരിക്കൻ ക്ലബായ ഷാർലറ്റ് എഫ്‌സിയുടെ പരിശീലകനായ അദ്ദേഹം ലയണൽ മെസിയുടെ സ്വാധീനം ഇപ്പോൾ തന്നെ ആഗോളതലത്തിൽ ഫുട്ബോൾ വളരാൻ സഹായിക്കുന്നുണ്ടെന്നും അറിയിച്ചു.

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് രണ്ടു വർഷത്തെ കരാറിൽ ചേക്കേറിയ ലയണൽ മെസി അതിനു ശേഷം യൂറോപ്യൻ കരിയർ അവസാനിപ്പിച്ച് അമേരിക്കൻ ലീഗിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ആഗോളതലത്തിൽ മെസിക്കുള്ള പ്രശസ്‌തി അമേരിക്കയിൽ ഫുട്ബോളിന്റെ വളർച്ചയെ സഹായിക്കുമെന്ന കാരണവും ഇതിനു പിന്നിലുണ്ടെങ്കിലും അതിനായി താരത്തെ എംഎൽഎസിൽ എത്തിക്കേണ്ടതില്ലെന്നാണ് മിഗ്വൽ റാമിറസ് പറയുന്നത്.

"സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നതിനു വേണ്ടി ലയണൽ മെസി എംഎൽഎസിൽ എത്തേണ്ടതില്ലെന്നാണ് ഞാൻ പറയും. ഞങ്ങൾ ഇപ്പോൾത്തന്നെ അക്കാര്യം ശ്രദ്ധിക്കുന്നുണ്ട്. ലാറ്റിനോ സമൂഹം മാത്രമല്ല മത്സരങ്ങൾക്കായി വരുന്നത്. നിരവധി അമേരിക്കൻ ആളുകൾ വരുന്നുണ്ട്, കൂടുതൽ കൂടുതൽ പേർ ഫുട്ബോൾ കളിക്കുന്നുണ്ട്."

"ഇക്കാര്യത്തിൽ രാജ്യത്ത് മാതൃകാപരമായ ഒരു വ്യതിയാനം സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. സോക്കർ നേടിയത് ബാസ്‌കറ്റ്ബോളോ അമേരിക്കൻ ഫുട്ബോളോ (റഗ്ബി) നേടിയിട്ടില്ലെന്ന് ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട്." ഗോളിനോട് സംസാരിക്കുമ്പോൾ മിഗ്വൽ ഏഞ്ചൽ റാമിറസ് പറഞ്ഞു.

കരിയറിന്റെ ഒരു ഘട്ടത്തിൽ അമേരിക്കൻ ലീഗിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ടെന്ന താൽപര്യം പ്രകടിപ്പിച്ച താരമാണ് മെസി എന്നതിനാൽ തന്നെ താരം എംഎൽഎസിൽ എത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. എന്നാൽ മുപ്പത്തിനാലു വയസുള്ള താരത്തിന്റെ ഫോമിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നതിനാൽ ചുരുങ്ങിയത് മൂന്നു വർഷം കൂടി താരം യൂറോപ്പിൽ തന്നെ തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit