Football in Malayalam

റൊണാൾഡോയുമായുണ്ടായിരുന്ന മത്സരം മനോഹരമായ ഓർമ, താരം മാഞ്ചസ്റ്റർ യുണൈറ്റഡുമായി വേഗത്തിൽ ഇണങ്ങിച്ചേർന്നുവെന്ന് മെസി

Sreejith N
FBL-FIFA-AWARDS
FBL-FIFA-AWARDS / AFP Contributor/GettyImages
facebooktwitterreddit

റൊണാൾഡോ റയൽ മാഡ്രിഡിൽ കളിച്ചിരുന്ന സമയത്തും തന്റെ കരിയറിലും താരവുമായി നിലനിന്നിരുന്ന മത്സരം വളരെ മനോഹരമായ ഓർമയാണെന്നു ലയണൽ മെസി. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ റൊണാൾഡോ ഇംഗ്ലീഷ് ക്ലബുമായി വളരെ വേഗത്തിൽ ഇണങ്ങിച്ചേർന്നുവെന്നും മെസി പറഞ്ഞു. കഴിഞ്ഞ സീസണിലെ ലാ ലിഗ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം മാർക്കയോട് സംസാരിക്കയായിരുന്നു പിഎസ്‌ജി താരം.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം റൊണാൾഡോ നിലവിൽ നടത്തുന്ന പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മെസി മറുപടി പറഞ്ഞത് ഇങ്ങിനെയായിരുന്നു. "യുണൈറ്റഡ് മികച്ച താരങ്ങളുള്ള കരുത്തുറ്റ ടീമാണ്. റൊണാൾഡോക്ക് ക്ലബ്ബിനെ അറിയാമെങ്കിലും അത് മറ്റൊരു കാലഘട്ടത്തിലായിരുന്നു, എന്നാലിപ്പോൾ താരം മികച്ച രീതിയിൽ അവരുമായി ഇണങ്ങിച്ചേർന്നിട്ടുണ്ട്."

"ടീമുമായി ഇണങ്ങാൻ യാതൊരു ബുദ്ധിമുട്ടുമില്ലാതിരുന്ന താരം തുടക്കം മുതൽ തന്നെ ഗോളുകൾ നേടിയിരുന്നു. പ്രീമിയർ ലീഗിൽ നമ്മൾ കരുതുന്നതു പോലെ അതത്ര എളുപ്പമല്ല. ബുദ്ധിമുട്ടുള്ള മത്സരങ്ങളിൽ കാര്യങ്ങൾക്ക് കൂടുതൽ വഴിത്തിരിവും ഉണ്ടാകുന്നു. ഡിസംബറിനു ശേഷം അതു കൂടുതൽ മാറി എന്തു വേണമെങ്കിലും സംഭവിക്കാമെന്ന അവസ്ഥയിലാണുണ്ടാവുക." മെസി പറഞ്ഞു.

പോർച്ചുഗീസ് താരവുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്ന കാലം മിസ് ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിനും മെസി മറുപടി നൽകി. "ഞങ്ങൾ ഒരു ലീഗിൽ ഒരുമിച്ച് കളിക്കുന്നതവസാനിച്ചിട്ട് ഒരുപാട് കാലമായി. വ്യക്തിപരമായും ടീമെന്ന നിലയിലും ഒരേ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് ഞങ്ങൾ കളിച്ചിട്ടുള്ളത്. ഞങ്ങൾക്കും ആസ്വാദകർക്കും അതൊരു മനോഹരമായ കാലഘട്ടമായിരുന്നു. ഫുട്ബോൾ ചരിത്രത്തിൽ തന്നെ നിലനിൽക്കപ്പെടുന്ന ഒരു വൈരിയായിരിക്കുമത്."

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നെയ്‌മർ, ക്രിസ്റ്റ്യാനോ, മെസി എന്നിങ്ങനെയുള്ള സൂപ്പർ താരങ്ങൾ ലാ ലീഗയിൽ നിന്നും കൊഴിഞ്ഞു പോയിട്ടുണ്ട്. എന്നാൽ സ്‌പാനിഷ്‌ ലീഗിന് സൂപ്പർതാരങ്ങളെ വീണ്ടുമെത്തിക്കാനും കഴിഞ്ഞ പതിനഞ്ചു വർഷത്തോളം നിലനിർത്തിയിരുന്ന ഏറ്റവും മികച്ച പ്രകടനം തുടരാൻ കഴിയുമെന്നും മെസി പ്രതീക്ഷ പ്രകടിപ്പിച്ചു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit