Football in Malayalam

ബാഴ്‌സലോണ വിടേണ്ടി വന്നത് മെസിക്കും അപ്രതീക്ഷിതം, താരം കടുത്ത നിരാശയിൽ

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / David Ramos/Getty Images
facebooktwitterreddit

പുതിയ കോൺട്രാക്റ്റ് ഒപ്പിടാനുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കെ ബാഴ്‌സലോണ വിടേണ്ട സാഹചര്യമുണ്ടാകുമെന്ന് മെസി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇതിന്റെ ഭാഗമായി ക്ലബിന്റെ നായകനായിരുന്ന താരം കടുത്ത നിരാശയിലാണെന്നും റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളിൽ മെസി ബാഴ്‌സയുമായി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്ന സമയത്താണ് ഏവരെയും ഞെട്ടിച്ച് മെസിക്കു പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് ബാഴ്‌സ വ്യക്തമാക്കിയത്.

കരാർ പുതുക്കാൻ വേണ്ടി ഇരു കക്ഷികളും തമ്മിൽ ധാരണയിൽ എത്തിയെങ്കിലും ലാ ലിഗ നിയമങ്ങൾ ഇതിനു തടസമായി നിൽക്കുന്നുവെന്നും അതുകൊണ്ട് മെസിക്ക് പുതിയ കരാർ നൽകാൻ കഴിയില്ലെന്നുമാണ് ബാഴ്‌സലോണ ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്തമാക്കിയത്. രണ്ടു കക്ഷികൾക്കും ഇക്കാര്യത്തിൽ കടുത്ത നിരാശയുണ്ടെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.

എന്നാൽ ഇരുപത്തിയൊന്നു വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായി നിൽക്കുന്ന ക്ലബ് വിടേണ്ട അവസ്ഥയുണ്ടാകുമെന്ന് മെസി ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്‌പാനിഷ്‌ മാധ്യമം സ്‌പോർട് വെളിപ്പെടുത്തുന്നത്. ഇബിസയിൽ ഒഴിവുകാലം ചിലവഴിച്ചതിനു ശേഷം ബാഴ്‌സലോണയിലേക്ക് കരാർ പുതുക്കാൻ വേണ്ടിയെത്തിയ മെസിക്ക് നിലവിലെ സാഹചര്യത്തിൽ അതീവ ദുഃഖമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബാഴ്‌സലോണ വിടാൻ താൽപര്യമില്ലെന്ന് മെസി നിരവധി തവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ബാഴ്‌സയിൽ തുടരാൻ ക്ലബിന്റെ സാമ്പത്തിക സാഹചര്യങ്ങളെ പരിഗണിച്ച് പ്രതിഫലം വെട്ടിക്കുറക്കാനും താരം സമ്മതിച്ചിരുന്നു. എന്നാൽ ക്ലബിനും താരത്തിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

അതേസമയം മെസി ഇനി ചേക്കേറാൻ സാധ്യതയുള്ള ക്ലബ് ഏതാണെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ പിഎസ്‌ജിക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നതെങ്കിലും ഫ്രീ ഏജന്റായ താരത്തിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റിയും രംഗത്തു വരാൻ സാധ്യതയുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit