അഭിനയത്തിൽ മെസി അരങ്ങേറ്റം കുറിക്കുന്നു, ലാറ്റിമേരിക്കൻ ടെലിവിഷൻ സീരീസിന്റെ ഭാഗമായി അർജന്റൈൻ താരം
By Sreejith N

ഫുട്ബോൾ കളത്തിൽ തന്റെ കാലുകൾ കൊണ്ടു മാന്ത്രികത വിരിയിച്ച ലയണൽ മെസി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്നു. നിരവധി പരസ്യചിത്രങ്ങളുടെ ഭാഗമായി മുൻപു പ്രവർത്തിച്ചിട്ടുള്ള മെസി ഒരു ലാറ്റിനമേരിക്കൻ ടെലിവിഷൻ സീരീസിലാണ് അഭിനയിക്കുന്നതെന്ന് മാർക്ക റിപ്പോർട്ട് ചെയ്യുന്നു .
അർജന്റീനിയൻ ഡ്രാമ സീരീസായ 'ലോസ് പ്രൊട്ടക്റ്റേഴ്‌സ്' രണ്ടാം ഭാഗത്തിൽ ഒരു അതിഥി വേഷത്തിലാണ് മെസി വരുന്നത്. താരം അഭിനയിക്കുന്ന ഭാഗങ്ങളുടെ ഷൂട്ടിങ് പൂർത്തിയായി. ഷൂട്ടിങ് സൈറ്റിലെ മെസിയുടെ ചിത്രങ്ങൾ സീരീസിന്റെ നിർമാതാവ് ഷെയർ ചെയ്‌തിട്ടുമുണ്ട്.
ഇതിനു മുൻപൊരിക്കലും സിനിമയുടെയോ ടെലിവിഷൻ സീരീസിന്റെയോ ഭാഗമായിട്ടില്ലാത്ത മെസി ഇത്തരമൊരു വേഷം ചെയ്യുന്നതിനെ ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഫുട്ബോൾ കളിക്കാരനായി തന്നെയാണോ അതോ മറ്റേതെങ്കിലും വേഷത്തിലാണോ താരം വരികയെന്ന സംശയവും ആരാധകർക്കുണ്ട്.
ലോസ് പ്രൊട്ടക്റ്റോറസ് ലാറ്റിനമേരിക്കയിലാണ് കൂടുതലും ഷൂട്ട് ചെയ്യപ്പെട്ടതെങ്കിലും മെസിയുൾപ്പെട്ട രംഗങ്ങൾ പാരീസിലാണ് ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഈ സീരീസ് കാണാൻ 2023 വരെ ആരാധകർ കാത്തിരിക്കേണ്ടി വരും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.