മെസിക്ക് അടുത്ത ജനുവരി വരെ ബാഴ്സലോണക്കായി കളിക്കാൻ കഴിയില്ല? കറ്റാലൻ ക്ലബ്ബിന് മുന്നിൽ അടുത്ത വലിയ പ്രതിസന്ധി

നിലവിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്സലോണ കടന്ന് പോകുന്നത്. ഉയർന്ന വേതനബില്ലിനെത്തുടർന്ന് ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിച്ച കളികാരെ രെജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത ക്ലബ്ബിന് ഇത് മൂലം ലയണൽ മെസിയുമായി പുതിയ കരാറിൽ ഒപ്പുവെക്കാനും സാധിച്ചിട്ടില്ല. ക്ലബ്ബ് നേരിട്ട് കൊണ്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിൽ പുതിയ കരാറിൽ ഒപ്പുവെക്കാൻ മെസി തന്റെ പ്രതിഫലത്തിന്റെ 50 ശതമാനം വെട്ടിക്കുറക്കാൻ തയ്യാറാണെങ്കിലും വേതനബില്ലിൽ കുറവ് വരുത്താതെ കരാർ സാധ്യമാക്കാൻ ക്ലബ്ബിന് കഴിയില്ലെന്നാണ് ഇഎസ് പി എൻ റിപ്പോർട്ട് ചെയ്യുന്നത്.
ബാഴ്സലോണ, ലാലീഗയുടെ ചിലവ് നിയമങ്ങൾ പാലിക്കുകയും, വേതനബില്ലിൽ കുറവ് വരുത്തുകയും ചെയ്യുന്നില്ലെങ്കിൽ മെസിയുമായി കരാർ ഒപ്പിടുന്നതിന് അവർക്ക് സാധിക്കില്ലെന്ന് നേരത്തെ ലാലീഗ മേധാവി ജാവിയർ ടെബാസ് വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ ലാലീഗയുടെ ചിലവ് നിയമങ്ങൾ പാലിക്കാൻ ബാഴ്സലോണക്ക് സാധിച്ചില്ലെങ്കിൽ 2022 ജനുവരി വരെ മെസിക്ക് ക്ലബ്ബിനായി കളിക്കാൻ കഴിഞ്ഞേക്കില്ലെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു. മെസിക്ക് പുറമേ ക്ലബ്ബിന്റെ പുതിയ സൈനിംഗുകളായ സെർജിയോ അഗ്യൂറോ, മെംഫിസ് ഡീപേ, എറിക് ഗാർസിയ എന്നിവർക്കും ഇത്തരത്തിൽ ജനുവരി വരെ കളിക്കളത്തിൽ നിന്ന് പുറത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് സ്പെയിനിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.
There's a serious risk we won't be able to see Lionel Messi play until January.
— SPORTbible (@sportbible) July 23, 2021
The GOAT won't be around much longer so this is a tragic waste of time ?https://t.co/MBvEBpOjTv
നേരത്തെ 2014 ൽ സ്പാനിഷ് ക്ലബ്ബായ ഗെറ്റാഫെയും സമാന സാഹചര്യത്തിലൂടെ കടന്ന് പോയിരുന്നു. അന്ന് അവരുടെ സാലറി ക്യാപ്പ് 17 മില്ല്യൺ യൂറോയിൽ കവിഞ്ഞതിനാൽ ക്ലബ്ബ് സ്വന്തമാക്കിയ സ്പാനിഷ് മധ്യനിര താരം പെഡ്രോ ലിയോണിന് സീസണിന്റെ ആദ്യ മാസങ്ങളിൽ കളിക്കളത്തിൽ നിന്ന് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഇതു പോലെ മെസിയും അഗ്യൂറോയും അടക്കമുള്ള സൂപ്പർ താരങ്ങൾ 2021-22 സീസണിലെ ആദ്യ മാസങ്ങളിൽ ബാഴ്സലോണക്കായി കളിക്കാൻ കഴിയാതെ പുറത്തിരിക്കേണ്ടി വരാനുള്ള സാധ്യതകളാണ് ഓരോ ദിവസവും ഉയർന്നു കൊണ്ടിരിക്കുന്നത്.
അതേ സമയം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനും ക്ലബ്ബിന്റെ വേതനബിൽ കുറക്കുന്നതിനും, ഒരു പറ്റം സൂപ്പർ താരങ്ങളെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കാനുള്ള നീക്കങ്ങൾ ബാഴ്സലോണയുടെ ഭാഗത്ത് നിന്ന് തകൃതിയായി നടക്കുന്നുണ്ട്. കുട്ടീഞ്ഞോ, ഗ്രീസ്മാൻ, ഉംറ്റിറ്റി, പ്യാനിച്ച് എന്നിവരെയെല്ലാം ക്ലബ്ബ് വിൽപ്പനക്ക് സജ്ജമാക്കിയതായി സൂചനകളുണ്ടെങ്കിലും ഉയർന്ന പ്രതിഫലം പറ്റുന്ന ഇവരെ വിൽക്കാൻ കറ്റാലൻ ക്ലബ്ബ് നന്നേ കഷ്ടപ്പെട്ടേക്കുമെന്നാണ് കരുതപ്പെടുന്നത്.